SHARE

ബ്രസീൽ നായകനും ഫ്രെഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ജെർമ്മന്റെ മുൻറൈറ്റ് ബാക്ക് താരവുമായ ഡാനി ആൽ വസ് ഇനി കളിക്കുക ബ്രസീൽ ക്ലബ്ബായ സാവോ പൊളോയിൽ. കഴിഞ്ഞ ദിവസമാണ് താരം സാവോ പോളോയുമായി കരാറിലെത്തിയ വിവരം ഔദ്യോഗികമായി പുറത്ത് വന്നത്. കരാർ അനുസരിച്ച് 2022 ഡിസംബർ വരെ ആൽ വസ് സാവോപോളോയ്ക്ക് വേണ്ടി ബൂട്ട് കെട്ടും.

2008 മുതൽ 2016 വരെ സ്പാനിഷ് വമ്പന്മാരായിരുന്ന‌ ബാഴ്സലോണയുടെ താരമായിരുന്ന ആൽ വസ്, 2017 ലാണ് പി എസ് ജി യിലേക്കെത്തുന്നത്. കഴിഞ്ഞ സീസൺ അവസാനിച്ചതോടെയാണ് താരം ഫ്രെഞ്ച് ക്ലബ്ബ് വിടാൻ തീരുമാനിച്ചത്. എന്നാൽ പി എസ് ജി വിട്ട താരം ഏത് ക്ലബ്ബിലേക്കാകും പോവുകയെന്ന കാര്യത്തിൽ ആരാധകർക്ക് ഒരു സൂചനയും ലഭിച്ചിരുന്നില്ല. മുൻ ക്ലബ്ബായ ബാഴ്സലോണയുമായും ചില ഇംഗ്ലീഷ് ക്ലബ്ബുകളുമായും താരത്തിന്റെ പേര് പറഞ്ഞ് കേട്ടിരുന്നെങ്കിലും തന്റെ സ്വന്തം രാജ്യത്തെ ക്ലബ്ബ് തന്നെ തിരഞ്ഞെടുക്കാൻ ആൽവസ് തീരുമാനിക്കുകയായിരുന്നു.

അതേ സമയം പ്രായം 36 പിന്നിട്ടെങ്കിലും ഇപ്പോളും മൈതാനത്ത് യുവാക്കളെ വെല്ലുന്ന മികവ് പുറത്തെടുക്കുന്ന താരമാണ് ആൽവസ്. ഇത്തവണ സ്വന്തം നാട്ടിൽ വെച്ച് ‌നടന്ന കോപ്പ അമേരിക്ക ടൂർണമെന്റിൽ ബ്രസീൽ കിരീടം നേടുമ്പോൾ ഡാനി ആൽവസായിരുന്നു അവരുടെ നായകൻ.