SHARE

ബ്രസീൽ ക്ലബ് സാവോ പോളോയ്ക്കായി കളിക്കുന്ന സൂപ്പർതാരം ഡാനി ആൽവസ് യൂറോപ്യൻ ഫുട്ബോളിലേക്ക് തിരിച്ചുവരാൻ വഴി തേടുന്നു. ബ്രസീലിയൻ താരമായ ആൽവസ് കഴിഞ്ഞ വർഷമാണ് സാവോ പോളോയിലെത്തിയത്. എന്നാൽ ഏതാണ്ട് ഒരു വർഷം മാത്രം പിന്നിടുമ്പോഴേക്കും ക്ലബുമായുള്ള പ്രശ്നങ്ങളെത്തുടർന്നാണ് ആൽവസ് പുറത്തേക്ക് പോകാനൊരുങ്ങുന്നതെന്നാണ് സൂചന.

37-കാരനായ ആൽവസ് ലോകഫുട്ബോളിലെ ഏറ്റവും മികച്ച റൈറ്റ് ബാക്കുകളിലൊരാളായാണ് വിശേഷിപ്പിക്കപ്പെടുന്നത്. കഴിഞ്ഞ വർഷം സാവോ പോളോയിലെത്തിയ ആൽവസിന് 2022 വരെ കരാരുണ്ട്. എന്നാൽ ക്ലബ് ഭരണതലത്തിലുള്ള ആഭ്യന്തരപ്രശ്നങ്ങളാണ് ആൽവസിനെ മടുപ്പിക്കുന്നതെന്നാണ് സൂചന. ഒപ്പം ക്ലബ് ആരാധകരിൽ നിന്ന് നേരിട്ട അമർഷവും ആൽവസിനെ ക്ലബ് വിടാൻ പ്രേരിപ്പിക്കുന്നുണ്ട്. ആൽവസിന്റെ കളിക്കളത്തിന് പുറത്തെ ചില പ്രവർത്തികളെ ആരാധകർ രൂക്ഷമായി വിമർശിച്ചിരുന്നു.

ക്ലബുമായി പ്രശ്നങ്ങളുണ്ടെങ്കിലും നല്ല രീതിയൽ വിടപറയാം എന്നാണ് ആൽവസിന്റെ തീരുമാനം. സാവോ പോളോ വിട്ട് യൂറോപ്യൻ ഫുട്ബോളിലേക്ക് മടങ്ങാനാകും എന്നാണ് ആൽവസിന്റെ പ്രതീക്ഷ. 37 വയസായെങ്കിലും ആൽവസിനെ സ്വന്തമാക്കാൻ യൂറോപ്യൻ ക്ലബുകൾ തയ്യാറാണെന്നാണ് സൂചനകളും.