SHARE

കളിക്കളത്തിൽ ചിലപ്പോഴൊക്കെ അതിരുവിട്ട പ്രവർത്തികൾക്ക് മുതിരാറുണ്ട് സ്പാനിഷ് പ്രതിരോധ താരം ഡാനി കാർവഹാൾ. എന്നാൽ തന്നെ താനെപ്പോഴും മനുഷ്യസ്നേ​ഹിയായ കളിക്കാരനാണെന്ന് തെളിയിക്കുന്ന പ്രവർത്തികളും കാർവഹാളിൽ നിന്നുണ്ടാകാറുണ്ട്. അത്തരത്തലൊന്നിന് കഴിഞ്ഞ ദിവസം ലോകം സാക്ഷിയായി

ഇം​ഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയത്തിൽ സ്പെയിനും ഇം​ഗ്ലണ്ടും തമ്മിലുള്ള മത്സരത്തിനിടെ ഇം​ഗ്ലീഷ് പ്രതിരോധതാരം ലൂക്ക് ഷായ്ക്ക് പരിക്കേറ്റു.  കാർവഹാളുമായി പന്തിനായി നടത്തിയ പോരാട്ടത്തിനിടെ നിലത്ത് തലയിടിച്ചുവീണാണ് ഷായ്ക്ക് പരിക്കേറ്റത്. ഉടൻ തന്നെ ഷായെ ​ഗ്രൗണ്ടിൽ നിന്ന് മാറ്റി. ആ സമയമത്രയും കാർവഹാൾ ഷായ്ക്ക് അടുത്തുണ്ടായിരുന്നു. അറിയാതെയാണെങ്കിലും ഷായ്ക്ക് സംഭവിച്ച പരിക്കിന് താൻ കൂടി കാരണക്കാരനായതിന്റെ വിഷമത്തിലായിരുന്നു കാർവഹാൾ.

-Advertisement-

കളി കഴിഞ്ഞ ഉടൻ തന്നെ കാർവഹാൾ ഓടിയെത്തിയത് ഇം​ഗ്ലണ്ടിന്റെ ഡ്രെസിങ് റൂമിലായിരുന്നു. ഷായെ കണ്ട് സംസാരിക്കാനായിരുന്നു കാർവഹാൾ അവിടെയെത്തിയത്. എന്നാൽ ഷായെ മറ്റെവിടേയ്ക്കോ മാറ്റിയിരുന്നു. ഇതോടെ, മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഷായുടെ സഹാരമായ സ്പാനിഷ്കീപ്പർ ഡേവിഡ് ഡി ​ഗിയയിൽ നിന്ന് ഷായുടെ ഫോൺ നമ്പർ വാങ്ങി പിന്തുണയറിയിച്ച് കാർവഹാൾ സന്ദേശവുമയച്ചു. കാർവഹാളിന്റെ ഈ പ്രവർത്തിക്ക് ഇപ്പോൾ ഫുട്ബോൾ ലോകത്ത് വൻ കൈയ്യടിയാണ് ലഭിക്കുന്നത്.