SHARE

അർജന്റീനയിൽ ജനിച്ച ശേഷം ഇറ്റലിക്കായി ദേശീയ ടീമിൽ കളിച്ച സൂപ്പർതാരം സാനി ഓസ്‌വാൾഡോ കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു. അർജന്റൈൻ ക്ലബായ ബാൻസ്ഫീൽഡിലൂടെയാണ് ഓസ്വാൾഡോയുടെ തിരിച്ചുവരവ്. 2016-ൽ കളിക്കളത്തിൽ നിന്ന് വരിമിച്ച് ഇപ്പോൾ മൂന്ന് വർഷത്തിന് ശേഷമാണ് സ്ട്രൈക്കറുടെ തിരിച്ചുവരവ്

2005-ൽ അർജന്റൈൻ ക്ലബ് ഹുറാക്കാനിലൂടെയാണ് ഓസ്വാൾഡോയുടെ സീനിയർ അരങ്ങേറ്റം. തൊട്ടടുത്ത വർഷം തന്നെ ഇറ്റാലിയൻ ക്ലബ് അറ്റലാന്റയിലെത്തി. തുടർന്ന്, ലീസെ, ഫിയോറെന്റിന, ബോളോ​ഗ്ന, റോമ, ഇന്റർ മിലാൻ, യുവന്റസ് തുടങ്ങിയ ഇറ്റാലിയൻ സൂപ്പർ ക്ലബുകളിലും കളിച്ചിട്ടുണ്ട്. സതാംപ്ടൻ, പോർട്ടോ, ബോക്കാ ജൂനിയേഴ്സ് തുടങ്ങിയ ക്ലബുകളിലും കളിച്ചിട്ടുണ്ട്. 2016-ൽ ബോക്കാ ജൂനിയേഴ്സ് പരിശീലകനുമായി ഇടഞ്ഞതോടെ ഓസ്വാൾഡോയുടെ കരാർ റദ്ദാക്കി. ഇതോടെ താരം കളിക്കളത്തിൽ നിന്ന് വിരമിച്ചു.

വിരമിക്കൽ പ്രഖ്യാപിച്ചശേഷം താരത്തെ കളിക്കളത്തിലേക്ക് എത്തിക്കാൻ ചില ഇറ്റാലിയൻ ക്ലബുകൾ ശ്രമിച്ചിരുന്നു. എന്നാൽ താൻ സം​ഗീതരം​ഗത്ത് ശ്രദ്ധപതിപ്പിക്കുകയാണെന്ന് പറഞ്ഞ് ഓസ്വാൾഡോ ഇതിൽ നിന്നൊഴിഞ്ഞു.

പിന്നീടിപ്പോൾ മൂന്ന് വർഷത്തിന് ശേഷമാണ് അർജന്റൈൻ ക്ലബിലൂടെയുള്ള തിരിച്ചുവരവ്. ബാൻസ്ഫീൽഡ് പരിശീലകനായ ജൂലിയോ ഫാൽസിയോണിയുമായുള്ള ബന്ധമാണ് താരത്തെ തിരികെയെത്തിച്ചത്. ടീമിനൊപ്പം ചേർന്ന ഓസ്വാൾഡോ പരിശീലനം തുടങ്ങി.