SHARE

ഇംഗ്ലീഷ് മുന്നേറ്റതാരം ഡാനിയല്‍ സ്റ്ററിഡ്ജ് പ്രീമിയര്‍ ലീഗ് ക്ലബായ വെസ്റ്റ് ബ്രോംവിച്ച് അല്‍ബിയനില്‍ ചേര്‍ന്നു. ലോണടിസ്ഥാനത്തിലാണ് ലിവര്‍പൂളില്‍ നിന്ന് സ്റ്ററിഡ്ജിന്റെ കൂടുമാറ്റം. ന്യൂകാസില്‍ യുണൈറ്റഡ്, ഇന്റര്‍ മിലാന്‍ തുടങ്ങിയ ടീമുകള്‍ സ്റ്ററിഡ്ജിനായി വലവീശിയിരുന്നു.

28-കാരനായ സ്റ്ററിഡ്ജിന് ലിവര്‍പൂളില്‍ ഈ സീസണില്‍ അധികം അവസരം ലഭിച്ചിട്ടില്ല. സെന്റര്‍ ഫോര്‍വേഡായി ബ്രസീല്‍ താരം റോബര്‍ട്ടോ ഫിര്‍മിന്യോ സ്ഥിരസാന്നിധ്യമായതോടെ സ്റ്ററിഡ്ജിന്റെ അവസരങ്ങള്‍ കുറഞ്ഞു. ഈ സാഹചര്യത്തിലാണ് പുതിയ ടീം തേടിയുള്ള സ്റ്ററിഡ്ജിന്റെ യാത്ര.

മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി തുടങ്ങിയ ക്ലബുകളില്‍ കളിച്ച സ്റ്ററിഡ്ജ് 2013-ലാണ് ലിവര്‍പൂളിലെത്തിയത്. ലിവര്‍പൂളിനായി സീസണില്‍ ഇതുവരെ 14 തവണ മാത്രമാണ് സ്റ്ററിഡ്ജ് കളിക്കാനിറങ്ങിയത്‌. നേടിയതാകട്ടെ മൂന്ന് ഗോള്‍. പരിക്കിനെത്തുടര്‍ന്ന്‌ ഒട്ടേറെ മത്സരങ്ങള്‍ സ്റ്ററിഡ്ജിന് നഷ്ടമായി.

തനിക്ക് ശരിയായി ഇണങ്ങുന്ന സ്ഥലത്താണ് എത്തിച്ചേര്‍ന്നതെന്നാണ് വെസ്റ്റ് ബ്രോമിലേക്കുള്ള കൂടുമാറ്റത്തെക്കുറിച്ച് സ്റ്ററിഡ്ജ് പറഞ്ഞത്. കഴിഞ്ഞ ദിവസം ഈജിപ്ത് പ്രതിരോധ താരം അലി ഗബറിനേയും വെസ്റ്റ് ബ്രോം ടീമിലെത്തിച്ചിരുന്നു. നിലവില്‍ ലീഗില്‍ 19-ാം സ്ഥാനത്തുള്ള വെസ്റ്റ് ബ്രോം തരംതാഴ്ത്തല്‍ ഭീഷണി നേരിടുന്നുണ്ട്.