SHARE

ഐപിഎല്ലിലെ മോശം പ്രകടനത്തെത്തുടർന്ന് മുഖ്യ പരിശീലകൻ ഡാനിയൽ വെട്ടോറിയെ ടീമിൽ നിന്ന് പുറത്താക്കി ഐപിഎൽ ടീം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. വെട്ടോറിക്ക് പുറമേ ടീമിന്റെ ബാറ്റിംഗ്, ബോളിംഗ് പരിശീലകനായിരുന്ന ഓസ്ട്രേലിയക്കാരൻ ട്രെന്റ് വുഡ്ഹിൽ, ഓസ്ട്രേലിയൻ ബോളിംഗ് പരിശീലകൻ ആൻഡ്രൂ മക്ഡൊണാൾഡ് എന്നിവരേയും തൽസ്ഥാനങ്ങളിൽ നിന്ന് ബാംഗ്ലൂർ ഒഴിവാക്കിയിട്ടുണ്ട്.

കഴിഞ്ഞ സീസണിൽ ടീമിന്റെ ബാറ്റിംഗ് പരിശീലകനായി സേവനം അനുഷ്ഠിച്ച മുൻ ഇന്ത്യൻ പരിശീലകൻ ഗാരി കിർസ്റ്റൺ ബാംഗ്ലൂരിന്റെ പുതിയ പരിശീലകനായേക്കുമെന്നാണ് സൂചന. അതേ സമയം കഴിഞ്ഞ സീസണിൽ ടീമിന്റെ ബോളിംഗ് മെന്ററായെത്തിയ ആശിഷ് നെഹ്‌റ ടീമിനൊപ്പം തുടരും. ഐപിഎല്ലിൽ ഇതേ വരെ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാത്തതിനെത്തുടർന്നാണ് ടീമിൽ വലിയ അഴിച്ചുപണി നടത്താൻ ബാംഗ്ലൂർ മാനേജ്മെന്റ് തീരുമാനമെടുത്തത്.

എബി ഡിവില്ലിയേഴ്സ്, വിരാട് കോഹ്ലി തുടങ്ങിയ സൂപ്പർ താരങ്ങളുണ്ടായിരുന്നിട്ടും ഇതേ വരെ ഐപിഎൽ കിരീടത്തിൽ മുത്തമിടാൻ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് കഴിഞ്ഞിട്ടില്ല‌. പുറത്താക്കിയ പരിശീലകർക്ക് പകരം പുതിയ പരിശീലകരെ അടുത്തയാഴ്ച തന്നെ ബാംഗ്ലൂർ ടീം പ്രഖ്യാപിക്കുമെന്നാണ് സൂചന.