SHARE

ഐ.എസ്.എൽ ക്ലബ് ഈസ്റ്റ് ബം​ഗാൾ അടുത്ത വമ്പൻ പ്രഖ്യാപനം നടത്തി. സ്കോട്ടിഷ് പ്രതിരോധതാരം ഡാനി ഫോക്സിന്റെ സൈനിങ്ങാണ് ഏറ്റവുമൊടുവിൽ കൊൽക്കത്ത ക്ലബ് പ്രഖ്യാപിച്ചത്. ഇന്ന് നേരത്തെ ഇന്ത്യൻ താരം ജെജെ ലാൽപെഖുലയുടെ സൈനിങ്ങും ഈസ്റ്റ് ബം​ഗാൾ പ്രഖ്യാപിച്ചിരുന്നു.

34-കാരനായ ഫോക്സ് ഇം​ഗ്ലണ്ടിലും സ്കോട്ലൻഡിലുമായി നീണ്ട 16 വർഷത്തെ കളിജീവിതത്തിന് ശേഷമാണ് ഇന്ത്യയിലേക്കെത്തുന്നത്. സൂപ്പർ ക്ലബ് എവർട്ടന്റെ അക്കാദമയിൽ നിന്നുള്ള താരമായ ഫോക്സ്, കവന്ററി സിറ്റി, ബേൺലി, സതാംപ്ടൻ, നോട്ടിങ്ങാം ഫോറസ്റ്റ് തുടങ്ങിയ ഇം​ഗ്ലീഷ് ക്ലബുകളിൽ കളിച്ചിട്ടുണ്ട്. സ്കോട്ലൻഡിലെ വമ്പൻ ക്ലബായ കെൽറ്റിക്കിനായും ഫോക്സ് ബൂട്ടുകെട്ടിയിട്ടുണ്ട്. ബേൺലിക്കും സതാംപ്ടനും വേണ്ടിയാണ് ഫോക്സ് പ്രീമിയർ ലീ​ഗിൽ കളിച്ചിട്ടുള്ളത്.

ഐ.എസ്.എല്ലിലേക്ക് പ്രവേശനം കിട്ടിയ ഈസ്റ്റ് ബം​ഗാൾ നടത്തുന്ന നാലാം വിദേശ സൈനിങ്ങാണ് ഫോക്സിന്റേത്. സ്കോട് നെവിൽ, ആന്റണി പിൽക്കിങ്ടൻ, ആരോൺ ഹോളോവേ എന്നിവർ ഇതിനകം തന്നെ ​ഗോവയിൽ എത്തിയിട്ടുണ്ട്. ഫോക്സും ഇക്കൂട്ടത്തിലുണ്ടെന്നാണ് സൂചന. ശേഷിക്കുന്ന വിദേശതാരങ്ങളുടെ കാര്യത്തിലും വരും ദിവസങ്ങളിൽ പ്രഖ്യാപനമുണ്ടാകും.