SHARE

2017-18 സീസണിലെ ബിഗ് ബാഷ് ടി20 ക്രിക്കറ്റ് ലീഗിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത് രാജസ്ഥാന്‍ റോയല്‍സിലെത്തിയ യുവതാരം ഡാര്‍സി ഷോര്‍ട്ട്. ബിഗ് ബാഷില്‍ ഹൊബാര്‍ട്ട് ഹരികെയ്ന്‍സിന്റെ താരമായിരുന്ന ഷോര്‍ട്ട് റെഗുലര്‍ സീസണില്‍ നിന്നായി 504 റണ്‍സാണ് നേടിയത്. തുടര്‍ച്ചയായി സെഞ്ചുറി നഷ്ടപ്പെടുത്തിയ താരം അവസാനം 122 റണ്‍സെടുത്ത് ആ വിഷമം മാറ്റുകയും ചെയ്തിരുന്നു.

അംപയര്‍മാര്‍ നടത്തിയ വോട്ടെടുപ്പില്‍ സീനിയര്‍ താരം ഷെയ്ന്‍ വാട്‌സണെയും അലക്‌സ് കാരെയയുമാണ് ഷോര്‍ട്ട് മറികടന്നത്. ജനുവരി അവസാനം നടന്ന ഐ പി എല്‍ താരലേലത്തില്‍ 20 ലക്ഷം രൂപ അടിസ്ഥാനവിലയുണ്ടായിരുന്ന ഷോര്‍ട്ടിനെ 2 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് ടീമിലെത്തിച്ചിരുന്നു. പെര്‍ത്ത് സ്‌കോച്ചേഴ്‌സ് ഓള്‍ റൗണ്ടര്‍ ആഷ്ടണ്‍ അഗര്‍ ബിഗ്ബാഷിലെ ഇത്തവണത്തെ യംഗ് ഗണ്‍ പുരസ്‌കാരം നേടി.

വാശിയേറിയ വോട്ടെടുപ്പിനൊടുവില്‍ അഫ്ഗാന്‍ താരം റാഷിദ് ഖാനെ ഒരു വോട്ടിന് മറികടന്നാണ് അഗര്‍ നേട്ടം കരസ്ഥമാക്കിയത്. അഗര്‍ ടൂര്‍ണ്ണമെന്റില്‍ 5.74 എക്കണോമി റേറ്റില്‍ എട്ടു വിക്കറ്റുകള്‍ നേടി. ബിഗ്ബാഷിലെ മികച്ച വനിതാ താരമായി തെരഞ്ഞെടുക്കപ്പെട്ടത് മെല്‍ബണ്‍ റെനഗേഡ്‌സ് ക്യാപ്റ്റന്‍ ആമി സാറ്റേര്‍ത്‌വൈറ്റാണ്.