SHARE

ബിഗ് ബാഷ് ലീഗിനിടെ സംഭവിച്ച പരിക്കിനെത്തുടർന്ന് ഓസ്ട്രേലിയൻ ഫാസ്റ്റ് ബോളിംഗ് ഓൾ റൗണ്ടറായ സീൻ ആബട്ട് ഇന്ത്യയ്ക്കെതിരെ നടക്കാനിരിക്കുന്ന മൂന്ന് മത്സര ഏകദിന പരമ്പരയിൽ കളിക്കില്ല. പരിക്കിനെത്തുടർന്ന് താരത്തിന് മൂന്നാഴ്ച വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ഇതോടെ ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ മാറ്റം വരുത്താൻ ഓസ്ട്രേലിയ നിർബന്ധിതരായി‌.

സീൻ ആബട്ടിന് പകരം സ്റ്റാർ ബാറ്റ്സ്മാൻ ഡാർസി ഷോർട്ടിനെ ക്രിക്കറ്റ് ഓസ്ട്രേലിയ ടീമിലേക്ക് വിളിച്ചിട്ടുണ്ട്. ഒരു വർഷത്തിലധികമായി ഏകദിന ടീമിന് വെളിയിലുള്ള ഡാർസി ഷോട്ടിന്റെ ഏകദിനത്തിലേക്കുള്ള തിരിച്ചു വരവ് കൂടിയാണിത്. പാർട്ട് ടൈം സ്പിന്നറായും തിളങ്ങാൻ കഴിവുള്ള ഷോർട്ടിനെ ഒരു സ്പിൻ ബോളിംഗ് ഓൾ റൗണ്ടറെന്ന നിലയിലാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

2018 ൽ കാർഡിഫിൽ നടന്ന മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ കളിച്ച് ഏകദിന ക്രിക്കറ്റിൽ അരങ്ങേറിയ താരമാണ് ഷോർട്ട്. അതേ സമയം മൂന്ന് ഏകദിനങ്ങളാണ് ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ഏകദിന പരമ്പരയിലുള്ളത്. ജനുവരി 14 ന് മുംബൈയിലാണ് ആദ്യ മത്സരം നടക്കുക. ജനുവരി 17 ന് രാജ്കോട്ടിൽ രണ്ടാം ഏകദിനവും, 19 ന് ബെംഗളൂരുവിൽ മൂന്നാം ഏകദിനം നടക്കുക.