SHARE

അടുത്തിടെ അവസാനിച്ച ബിഗ് ബാഷ് ക്രിക്കറ്റ് ടി20 ലീഗില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ച വെച്ച താരമാണ് ഡാര്‍സി ഷോര്‍ട്ട്. ഓസീസ് ലീഗിലെ മിന്നും പ്രകടനം ഷോര്‍ട്ടിനെ ഐ പി എല്‍ താരലേലത്തിലും ശ്രദ്ധേയനാക്കി. 20 ലക്ഷം രൂപ അടിസ്ഥാനവിലയുണ്ടായിരുന്ന യുവതാരത്തിന് വേണ്ടി രാജസ്ഥാന്‍, ഡല്‍ഹി, ചെന്നൈ, സണ്‍റൈസേഴ്‌സ് തുടങ്ങിയ ടീമുകളാണ് രംഗത്ത് വന്നത്. ഒടുവില്‍ നാലു കോടി രൂപയ്ക്ക് രാജസ്ഥാന്‍ താരത്തെ സ്വന്തമാക്കുകയും ചെയ്തു.

എന്നാല്‍ ഇതുവരെ ഷോര്‍ട്ടിന് രാജസ്ഥാന്‍ ടീമിനൊപ്പമെത്താന്‍ കഴിഞ്ഞിട്ടില്ല. പുതിയ പാസ്‌പോര്‍ട്ട് ലഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കാലതാമസമാണ് താരത്തിനും രാജസ്ഥാനും ആശയങ്കയാവുന്നത്. ഷോര്‍ട്ടിന്റെ പഴയ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടുവെന്നും പുതിയ ലഭിക്കാന്‍ സമയമെടുക്കുകയാണെന്നും താരത്തിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഐ പി എല്‍ തുടങ്ങുന്നതിന് മുമ്പ് ടീമിനൊപ്പമെത്താന്‍ കഴിയുമോയെന്ന കാര്യം സംശയത്തിലാണെന്നാണ് പറയപ്പെടുന്നത്.

27കാരനായ താരം ബിഗ്ബാഷ് ലീഗില്‍ 10 മത്സരങ്ങളില്‍ നിന്ന് 504 റണ്‍സാണ് നേടിയത്. ഇതുവരെ അഞ്ചു അന്താരാഷ്ട്ര മത്സരങ്ങളടക്കം 20 ടി20കള്‍ കളിച്ച താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 150ലേറെയാണ്. നേരത്തെ പന്തു ചുരണ്ടല്‍ വിവാദവുമായി ബന്ധപ്പെട്ട് വിലക്ക് ലഭിച്ച ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന് പകരം ദക്ഷിണാഫ്രിക്കന്‍ വെടിക്കെട്ട് താരം ഹെന്റിച്ച് ക്ലാസ്സനെ രാജസ്ഥാന്‍ ടീമിലെത്തിച്ചിരുന്നു. ഏപ്രില്‍ ഏഴിന് നടക്കുന്ന മുംബൈ-ചെന്നൈ പോരാട്ടത്തോടെയാണ് ഐ പി എല്‍ പതിനൊന്നാം സീസണ് തുടക്കമാവുന്നത്. 9ന് സണ്‍റൈസേഴ്‌സിനെതിരെയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യമത്സരം.