പാകിസ്ഥാൻ ദേശീയ ടീമിന്റെ ഫീൽഡിംഗ് പരിശീലകനാകാനുള്ള ക്ഷണം നിരസിച്ച് മുൻ ഓസ്ട്രേലിയൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്ററും പാകിസ്ഥാൻ സൂപ്പർ ലീഗ് ടീം ഇസ്ലാമാബാദ് യുണൈറ്റഡിന്റെ പരിശീലകരിൽ ഒരാളുമായ ഡാരൻ ബെറി. തൽക്കാലം ദേശീയ ടീമുകളുടെ മുഴുവൻ സമയ പരിശീലന ദൗത്യം ഏറ്റെടുക്കാൻ താൻ താല്പര്യപ്പെടുന്നില്ലെന്നും, ഭാവിയിൽ ഇക്കാര്യം പരിഗണിക്കാമെന്നും അദ്ദേഹം പാക് ക്രിക്കറ്റ് ബോർഡിനോട് വ്യക്തമാക്കുകയായിരുന്നു. നേരത്തെ പാക് ടീമിന്റെ ഫീൽഡിംഗ് പരിശീലകനായിരുന്ന സ്റ്റീവ് റിക്സണുമായുള്ള കരാർ കാലാവധി ഈ വർഷം ജൂണിൽ അവസാനിച്ചതോടെയാണ് പകരം പരിശീലകനെ തേടാൻ പാക് ക്രിക്കറ്റ് ബോർഡ് നിർബന്ധിതരായിരിക്കുന്നത്.

” തനിക്ക് ഇത്തരത്തിലൊരു പരിശീലക ഓഫർ മുന്നോട്ട് വെച്ചതിൽ പാക് ക്രിക്കറ്റ് ബോർഡിനോട് ഒത്തിരി നന്ദിയുണ്ട്. പക്ഷേ തൽക്കാലം ഇങ്ങനെയൊരു ജോലി ഏറ്റെടുക്കാൻ താൻ തയ്യാറല്ല. കുടുംബപരമായ കാരണങ്ങളാണ് ഇതിന്‌പിന്നിൽ. തനിക്ക് ഒരു ചെറിയ കുടുംബമുണ്ട്. ദേശീയ ടീമിന്റെ പരിശീലക ജോലി ഏറ്റെടുക്കുന്നത് അത് കൊണ്ടു തന്നെ ഇപ്പോളത്തെ അവസ്ഥയിൽ ബുദ്ധിമുട്ടുണ്ടാക്കും.” ബെറി പറഞ്ഞു.
അതേ സമയം പാകിസ്ഥാൻ സൂപ്പർ ലീഗ് ടീമായ ഇസ്ലാമാബാദ് യുണൈറ്റഡുമായിട്ടുള്ള തന്റെ കരാർ തുടരുമെന്നും ബെറി അറിയിച്ചു. 1989 മുതൽ 2004 വരെ ഓസ്ട്രേലിയൻ അഭ്യന്തര ക്രിക്കറ്റിലെ സജീവ സാന്നിധ്യമായിരുന്ന ബെറി, 153 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും, 89 ലിസ്റ്റ് എ മത്സരങ്ങളിലും കളിച്ചിട്ടുണ്ട്.