SHARE

പാകിസ്ഥാനെതിരായ മൂന്ന് മത്സര ടി20 പരമ്പരയിൽ ശ്രീലങ്കയെ 3-0 ന്റെ വിജയത്തിലേക്ക് നയിച്ച ലങ്കൻ‌ നായകൻ ദാസൻ ഷനക ടി20 യിലെ ക്യാപ്റ്റൻസി റെക്കോർഡുകളിലൊന്നിൽ മുൻ ഇന്ത്യൻനായകൻ മഹേന്ദ്ര സിംഗ് ധോണിക്കും, ഓസീസ് നായകൻ മൈക്കൽക്ലാർക്കിനുമൊപ്പമെത്തി. ഇന്നലെ നടന്ന അവസാന ടി20 മത്സരത്തിൽ പാകിസ്ഥാനെ 13 റൺസിന് കീഴടക്കിയതോടെയാണ് ലങ്കൻ നായകൻ ഈ നേട്ടത്തിലെത്തിയത്.

ടി20 യിൽ ക്യാപ്റ്റനായ ആദ്യ മൂന്ന് മത്സരങ്ങളിൽ ടീമിനെ വിജയത്തിലെത്തിക്കുന്ന നായകനെന്ന റെക്കോർഡിലാണ് ഇപ്പോൾ ഷനക, ധോണിക്കും, മൈക്കൽ ക്ലാർക്കിനുമൊപ്പമെത്തിയിരിക്കുന്നത്. നേരത്തെ പാകിസ്ഥാൻ പര്യടനത്തിൽ കളിക്കാൻ ലങ്കയുടെ ടി20 നായകനായിരുന്ന ലസിത് മലിംഗ വിസമ്മതം പ്രകടിപ്പിച്ചതിനെത്തുടർന്നായിരുന്നു ടീമിനെ നയിക്കാൻ ഷനകയ്ക്ക് നറുക്ക് വീണത്.

ടി20 ക്യാപ്റ്റൻസി അരങ്ങേറ്റത്തിലെ മൂന്ന് മത്സരങ്ങളിലും ടീമിന് ജയം സമ്മാനിച്ച് റെക്കോർഡ് ബുക്കിലേക്ക് താരം നടന്ന് കയറി. ലാഹോറിൽ നടന്ന‌ പരമ്പരയിലെ ആദ്യ മത്സരത്തിൽ 64 റൺസ് ജയം ലങ്കയ്ക്ക് സമ്മാനിച്ച ഷനക, രണ്ടാം മത്സരത്തിൽ 35 റൺസിന്റേയും, മൂന്നാം മത്സരത്തിൽ 13 റൺസിന്റേയും വിജയമാണ് ടീമിന് സമ്മാനിച്ചത്.