ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഗോളിമാരുടെ പട്ടികയിൽ ആദ്യ സ്ഥാനങ്ങളിലാണ് ഡേവിഡ് ഡി ഗിയയുടെ സ്ഥാനം. കഴിഞ്ഞ രണ്ട്, മൂന്ന് സീസണുകളിൽ ഇംഗ്ലീഷ് ക്ലബ് മാഞ്ച്സ്റ്റർ യുണൈറ്റഡിന്റെ രക്ഷകനായി പലപ്പോഴും അവതരിച്ചത് ഡി ഗിയയാണ്. എന്നാൽ മറിച്ചൊരവകാശവാദം പോലും ഉന്നയിക്കാനില്ലാതിരുന്ന ഡി ഗിയയുടെ ഒന്നാം ഗോളി സ്ഥാനം നഷ്ടമാകാൻ സാധ്യത
നിലവിൽ യുണൈറ്റഡിന്റെ ഒന്നാം ഗോളിയാണ് സ്പാനിഷ് താരം ഡി ഗിയ. എന്നാൽ അടുത്തിടെയായി ചില വൻ പിഴവുകൾ ഡി ഗിയയിൽ നിന്നുണ്ടാകുന്നുണ്ട്. ഈ സാഹചര്യത്തിൽ പ്രീമിയർ ലീഗ് മത്സരങ്ങളിൽ ഡി ഗിയയ്ക്ക് പകരം റിസർവ് ഗോളി സെർജിയോ റോമേറോയ്ക്കും അവസരം നൽകുന്ന കാര്യം പരിശീലകൻ ഒലെ ഗുണ്ണർ സോൾഷ്യർ ആലോചിക്കുന്നുണ്ട്. ഒലെ തന്നെ ഇക്കാര്യത്തിൽ ചില സൂചനകളും നൽകി.
ഗോൾക്കീപ്പർ സ്ഥാനത്ത് ഇപ്പോൾ റൊമേറോ ഡി ഗിയക്ക് കടുത്ത മത്സരം നൽകുന്നുണ്ട്. ഇത് ഡി ഗിയക്ക് സമ്മർദമേറ്റുന്നുണ്ട്. മികച്ച് ഗോളിയാണ് റൊമേറെ,കിട്ടുന്ന അവസരങ്ങളിലെല്ലാം മികച്ച പ്രകടനം നടത്തി, ക്ലീൻ ഷീറ്റുകൾ സ്വന്തമാക്കാൻ സാധിക്കാറുണ്ട്, ഒലെ പറഞ്ഞു. ഡി ഗിയക്ക് പകരം പരിഗണിക്കുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, സാധ്യതയുണ്ടെന്നാണ് ഒലെ പറഞ്ഞത്.
അർജന്റൈൻ ഗോളിയായ റൊമേറോ 2015 മുതൽ യുണൈറ്റഡിന്റെ ഭാഗമാണ്. എന്നാൽ ഇതുവരെ വെറും ഏഴ് പ്രീമിയർ ലീഗ് മത്സരങ്ങളിൽ മാത്രമാണ് റൊമേറോ ഗോൾവല കാത്തത്. അതേ സമയം യൂറോപ്പാ ലീഗ്, എഫ്.എ കപ്പ് തുടങ്ങിയവയിലൊക്കെ റൊമേറോയാണ് യുണൈറ്റഡ് ഗോളി