SHARE

ഒരുപാട് ഗോളുകള്‍ നേടി ജയിക്കുന്നതിനേക്കാള്‍ തനിക്കിഷ്ടം 1-0ത്തിന് ജയിക്കുന്നതാണെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ ഡേവിഡ് ജെയിംസ്. ജംഷഡ്പുര്‍ എഫ്‌സിക്കെതിരായ നിര്‍ണായക മത്സരത്തിനു മുമ്പാണ് ജെയിംസ് തന്റെ മനസ് തുറന്നത്. വിജയമാണ് വളരെ പ്രധാനം. 1-0 ആണ് എനിക്ക് എറ്റവും ഇഷ്ടപ്പെട്ട സ്‌കോര്‍. ഒരു ഗോള്‍ വിജയം മതി മുന്നില്‍ എത്തിക്കാന്‍. പക്ഷേ, മുംബൈയ്ക്ക് എതിരായ മത്സരം ശാരീകരമായും മാനസികമായും വളരെ ക്ലേശകരമായിരുന്നു. എന്നാല്‍ ആത്മവിശ്വാസം വളരെ വലുതായിരുന്നു.

ഈ ആത്മവിശ്വാസമാണ് ടീമിനെ മുന്നോട്ട് നയിച്ചത്. ജംഷഡ്പുരിനെതിരായ മത്സരത്തിനെക്കുറിച്ച് പ്രവചിക്കാന്‍ കഴിയില്ല. ഒരു കാര്യം ഉറപ്പ് ജംഷഡ്പൂര്‍ വളരെ ശക്തരാണ്. വളരെ വീറുറ്റ ഒരു മത്സരം ആണ് പ്രതീക്ഷിക്കുന്നത്.-ഡേവിഡ് ജെയിംസ് പറഞ്ഞു. പോയിന്റ് പട്ടികയില്‍ താഴെകിടന്ന ഒരു ടീമിന്റെ കുതിപ്പ് തന്റെ ടീമിന്റെ ഗുണപരമായ വശങ്ങള്‍ എടുത്തു കാണിക്കുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു. ഈ കഴിവുകള്‍ ജംഷഡ്പൂരിനെതിരെ വിജയകരമായി പുറത്തെടുക്കാന്‍ കഴിഞ്ഞാല്‍ അത് മറ്റൊരു കഥയായി മാറും. കൊച്ചിയില്‍ നടന്ന ആദ്യ പാദത്തില്‍ രണ്ടു ടീമുകളും ഗോള്‍രഹിത സമനില പങ്കുവെച്ചു പിരിഞ്ഞിരുന്നു.

അതേസമയം ബ്ലാസ്റ്റേഴ്‌സിന്റെ കുതിപ്പില്‍ തനിക്ക് അത്ഭുമുണ്ടെന്ന് ജംഷഡ്പുര്‍ പരിശീലകന്‍ സ്റ്റീവ് കോപ്പല്‍ പറയുന്നു. ജെയിംസ് പരിശീലകനായി വന്നതോടെ വളരെ കാര്യായ മാറ്റം വന്നിട്ടുണ്ട്. ഈ ടീമിനെതിരെ ഞങ്ങള്‍ മുന്നാഴ്ച മുന്‍പ് നടത്തിയ പരിശീലനം അല്ല ഞങ്ങളുടെ തട്ടകത്തില്‍ നടക്കാന്‍ പോകുന്ന മത്സരത്തിനുവേണ്ടി നടത്തുന്നത്. ഈ ടീമിനെതിരെ ഞങ്ങള്‍ വിജയം വളരെ ആഗ്രഹിക്കുന്നു- സ്റ്റീവ് കോപ്പല്‍ പറഞ്ഞു.കോപ്പലിന്റെ ടീം നിലവില്‍ ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 10 പോയിന്റുമായി എട്ടാം സ്ഥാനത്താണ്. കേരള ബ്ലാസ്‌റ്റേഴ്‌സ് 14 പോയിന്റുമായി ആറാം സ്ഥാനത്തും. കേരള ബ്ലാസറ്റേഴ്‌സ് ഇന്ന് ജയിച്ചാല്‍ 17 പോയിന്റോടെ ചെന്നൈയിനും ബെംഗ്‌ളുരുവിനും താഴെ മൂന്നാം സ്ഥാനത്തെത്തും.