SHARE

തോളിന് പരിക്കേറ്റ ഉഗാണ്ടൻ മധ്യനിര താരം കെസിറോൺ കിസിറ്റോയെ ടീമിൽ നിന്ന് ഒഴിവാക്കിയേക്കുമെന്ന് സൂചന നൽകി കേരളാ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഡേവിഡ് ജെയിംസ്. ഡെൽഹി ഡൈനാമോസിനെതിരെ കഴിഞ്ഞ ദിവസം നേടിയ വിജയത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെസിറോൺ കിസിറ്റോയ്ക്കേറ്റ പരിക്ക് ഭേദമാകാൻ കുറച്ച് നാളുകൾ കൂടി വേണ്ടി വരുമെന്നും, ട്രാൻസ്ഫർ വിപണി ഇപ്പോളും സജീവമായതിനാൽ അദ്ദേഹത്തിന് പകരം പുതിയ താരങ്ങളെ ടീമിലെത്തിക്കാൻ ടീമിന് അവസരമുണ്ടെന്നും ജെയിംസ് പറയുന്നു‌. ഇന്ത്യൻ പ്രതിരോധ താരം ഗുർവീന്ദർ സിംഗ് ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചു വരുമെന്ന വാർത്തയോട് ജെയിംസിന്റെ മറുപടി ഇങ്ങനെയായിരുന്നു. ” ഞാൻ ടീമിന്റെ ചുമതല ഏറ്റെടുത്തത് മുതൽ പല താരങ്ങളുടേയും വീഡിയോകളും മറ്റും പരിശോധിക്കുന്നുണ്ട്. പുതിയ ചില താരങ്ങൾ പരിഗണനയിലുണ്ട്, പക്ഷേ അത് നിങ്ങൾ ഉദ്ദേശിക്കുന്ന താരം തന്നെ ആകണമെന്നില്ല”. അദ്ദേഹം പറഞ്ഞു നിർത്തി.

ഡെൽഹി ഡൈനമോസിനെതിരായ അവസാന മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച കേരളാ ബ്ലാസ്റ്റേഴ്സ് 2-1 ന് വിജയിച്ചിരുന്നു. രണ്ടാംപകുതിയിൽ കളിക്കാനിറങ്ങിയ യുവതാരം ദീപേന്ദ്ര സിംഗ് നേഗിയുടെ മിന്നും പ്രകടനമായിരുന്നു ബ്ലാസ്റ്റേഴ്സിനെ വിജയത്തിലേക്ക് നയിച്ചത്. ഡേവിഡ് ജെയിംസ് പരിശീലക സ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള മൂന്നാം ജയമായിരുന്നു ഡെൽഹിക്കെതിരെ കേരളം നേടിയത്. സെമി ഫൈനലിലെത്താൻ ഇനിയുള്ള കളികളെല്ലാം നിർണായകമായ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം ഫെബ്രുവരി രണ്ടാം തീയതി എഫ്.സി പൂനെ സിറ്റിക്കെതിരെയാണ്.