SHARE

ഇം​ഗ്ലീഷ് കവി റോബർട്ട് ബ്രൗണിങ്ങിന്റെ ‘പേട്രിയറ്റ്’ എന്നൊരു കവിതയുണ്ട്. ഒരു വർഷം മുമ്പ് ധീരനായകനായി ‌ആദരിച്ച് വാഴ്ത്തിയ ജനക്കൂട്ടം ഇന്ന് രാജ്യദ്രോഹിയായി കുറ്റം ചുമത്തി കഴുമരത്തിലേക്ക് നയിക്കുന്നതിനെക്കുറിച്ച് ഒരു യോദ്ധാവ് ഓർമിക്കുന്നതാണ് കവിതയുടെ ഉള്ളടക്കം. പൂർണമായിട്ടല്ലങ്കിലും ഈ കവിതയുമായി ഡേവിഡ് ജെയിംസിന്റെ കേരളാ ബ്ലാസ്റ്റേഴ്സ് കരിയറിന് സാമ്യങ്ങളേറെയുണ്ട്

കഴിഞ്ഞ ജനുവരിയിലാണ് റെനെ മ്യുളെൻസ്റ്റിൻ പതിവഴിയിൽ ഇട്ടിട്ട്പോയ കേരളാ ബ്ലാസ്റ്റേഴ്സിനെ ഡേവിഡ് ജെയിംസ് ഏറ്റെടുക്കുന്നത്. ഐ.എസ്.എൽ ആദ്യ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ പ്ലേയർ മാനേജരായിരുന്ന ജെയിംസ് അന്ന് ടീമിനെ ഫൈനലിലെത്തിച്ചു. അന്നുണ്ടായിരുന്ന ആരാധക പിന്തുണയാണ് രണ്ടാം വട്ടം ക്ലബ് ഏറ്റെടുത്തപ്പോൾ ജെയിംസിന് ഇരട്ടയായി ലഭിച്ചത്. മുമ്പുണ്ടായിരുന്ന ഇഷ്ടത്തിനൊപ്പം, ടീം തകർച്ച നേരിട്ടപ്പോൾ അവതരിപ്പിച്ച രക്ഷകവേഷമാണ് ജെയിംസിനെ ആരാധകരുടെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചത്.

തുടർന്ന് കഴിഞ്ഞ സീസണിലെ അവശേഷിച്ച മത്സരങ്ങളിൽ ടീമിനെ ഭേദപ്പെട്ട നിലയിൽ ഒരുക്കി, തരക്കേടില്ലാത്ത റിസൾട്ടുണ്ടാക്കിയപ്പോൾ ആരാധകർ അയാളെ കിങ് ഡിജെ എന്ന് വിശേഷിപ്പിച്ചു. ഡേവിഡ് ജെയിംസിന്റെ പരിശീലന രീതിയെ വിമർശിച്ച് ബൾ​ഗേറിയൻ ഇതിഹാസം ദിമിതർ ബെർബാറ്റോവ് ക്ലബ് വിട്ടതും ഇതിനിടെയാണ്. ജെയിംസിനെ വിമർശിച്ച ബെർബാറ്റോവിനെ, സമൂഹമാധ്യമങ്ങളിൽ പരിഹസിച്ചു അപമാനിച്ചുമാണ് ഒരു വിഭാ​ഗം ആരാധകർ പ്രതികാരം ചെയ്തത്.

തുടർന്ന് ക്ലബ് ജെയിംസിന്റെ കരാർ പുതുക്കി. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി താരതമ്യേന ചെറുപ്പക്കാരായ വിദേശ താരങ്ങൾ ടീമിലെത്തി. തുടർന്നായിരുന്നു ആരാധകരെ ആവേശത്തിന്റെ പരകോടിയിലെത്തിച്ച, എ.ടി.കെയ്ക്കെതിരായ ജയം. ഇതോടെ കേരളത്തിന്റെ രക്ഷകനായി ജെയിംസ് മാറി. പിന്നാലെ പ്രതീക്ഷകൾ അങ്ങ് ഹിമാലയത്തോളം വളർന്നു

ആദ്യ വിജയത്തിന് ശേഷം പിന്നീട് സ്വന്തം ​ഗ്രൗണ്ടിലടക്കം നിരവിധി സമനിലകൾ വഴങ്ങിയപ്പോഴും ആരാധകർ പ്രതീക്ഷ കാത്തു. ഇതിനിടയിൽ ക്ലബിന്റെ പ്രകടനം മോശമായതോടെ ആരാധകർ ജെയിംസിനും എതിരായി. ഒരിക്കൽ ബ്ലാസ്റ്റേഴ്സിനെ രക്ഷിച്ച തന്ത്രജ്ഞനായ ജെയിംസ് ഇതോടെ ആരാധകർക്ക് ടാക്ടിക്സ് ഇല്ലത്തവനായി

ഇതിനിടയിൽ എപ്പോഴോ സാക്ക് ഡിജെ ഹാഷ്ടാ​ഗുകൾ പ്രത്യക്ഷപ്പെട്ടു. ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനത്തിലുള്ള അമർഷം ആ ഹാഷ്ടാ​ഗുകളിലൂടെ പുകഞ്ഞുകൊണ്ടിരുന്നു. ഒടുവിൽ അനിവാര്യമായ ആ തീരുമാനം ബ്ലാസ്റ്റേഴ് അധികൃതർ എടുത്തു. ഡേവിഡ് ജെയിംസ് പുറത്ത്. തലയുയർത്തിപ്പിടിച്ച് ഒരു വർഷം മുമ്പ് കേരള മണ്ണിൽ കാലുകുത്തിയ ജെയിംസിന്റെ മടക്കം തലകുനിച്ച് തന്നെ