SHARE

എതിരാളിയെ ശരിക്കും വിലയിരുത്തുക, എന്നിട്ടുമാത്രം ആക്രമണത്തിന് തുനിയുക. പൂനെ സിറ്റിക്കെതിരായ കഴിഞ്ഞ മത്സരത്തിനുശേഷം നടന്ന പത്രസമ്മേളനത്തില്‍ കോച്ച് ഡേവിഡ് ജെയിംസ് പറഞ്ഞ വാക്കുകളാണിത്. എതിരാളി ശക്തരോ ദുര്‍ബലരോ ആകട്ടെ അന്നത്തെ ദിവസം അവര്‍ എങ്ങനെ കളിക്കുന്നുവെന്നതാണ് പ്രധാനം. എതിരാളിയുടെ കളിക്കനുസരിച്ച് മാത്രം മറുതന്ത്രം മെനയുക. ഡെല്‍ഹിയില്‍ കണ്ടതും അതേ കൂര്‍മബുദ്ധി തന്നെ. ആദ്യ പകുതിയില്‍ പതിയെ കളിച്ച് രണ്ടാംപകുതിയില്‍ നീക്കങ്ങള്‍ വേഗത്തിലാക്കുകയെന്ന തന്ത്രമാണ് ബ്ലാസ്റ്റേഴ്‌സ് നടപ്പിലാക്കിയത്.

മധ്യനിരയില്‍ ഡെല്‍ഹി ബ്ലാസ്റ്റേഴ്‌സിനെക്കാള്‍ ഒരുപടി മുന്നിലാണ്. എതിരാളികളുടെ മധ്യനിരയിലെ അനായാസ പന്തൊഴുക്ക് തടയുകയായിരുന്നു ജെയിംസ് ആദ്യം ചെയ്ത്. മധ്യത്തില്‍ നിന്നും പന്തുകള്‍ എത്താതിരുന്നതോടെ ഡൈനാമോസിന്റെ മുന്നേറ്റത്തിന്റെ ശക്തി കുറഞ്ഞു. ഇതോടെ ഹ്യൂമും പെര്‍ക്കൂസനെയും ആക്രമത്തില്‍ മാത്രമായി നിയോഗിക്കുകയും ചെയ്തു ജെയിംസ്. ആദ്യപകുതിയില്‍ തന്നെ ദിമിതര്‍ ബെര്‍ബറ്റോവിനെ പിന്‍വലിച്ചതും കളിയുടെ വേഗം കൂടാനിടയാക്കി.

ഇയാന്‍ ഹ്യൂമിന്റെ ഫിനിഷിംഗിന് മികവിനു നല്കണം മുഴുവന്‍ മാര്‍ക്ക്. അസാധ്യ പൊസിഷനുകളില്‍ നിന്നാണ് മൂന്നു ഗോളും പിറന്നത്. ആദ്യ ഗോള്‍ തന്നെ ഹ്യൂമിന്റെ മികവിന്റെ ഉത്തമോദഹരണമാണ്. പെര്‍ക്കൂസന് പാസ് നല്കി ഏതാണ്ട് മധ്യനിരയ്ക്ക് ഇപ്പുറത്തുനിന്നുമാണ് ഹ്യൂം ഓടിക്കയറിയെത്തിയത്. ലോംഗ് പാസുകള്‍ കൂടുതലായി വിനിയോഗിക്കാനും ബ്ലാസ്‌റ്റേഴ്‌സിനായി. ഡെല്‍ഹിക്കെതിരായ ജയം വരും മത്സരങ്ങളിലേക്ക് മഞ്ഞപ്പടയ്ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്കുമെന്നതില്‍ തര്‍ക്കമില്ല.