SHARE

കേരളാ ബ്ലാസ്റ്റേഴ്സ്, താരങ്ങളെ റിക്രൂട്ട് ചെയ്തിരിക്കുന്നത് പെട്ടെന്നുള്ള വിജയങ്ങൾ ലക്ഷ്യമാക്കിയല്ലെന്നും ദീർഘകാലാടിസ്ഥാനമാക്കിയുള്ള പദ്ധതികളാണ് ടീമിന്റേതെന്നും കേരളാ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഡേവിഡ് ജെയിംസ്. എഫ് സി‌ പൂനെ സിറ്റിക്കെതിരായ മത്സരശേഷം ഇന്നലെ കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബ്ലാസ്റ്റേഴ്സ് പരിശീലകൻ.

കേരളാ ബ്ലാസ്റ്റേഴ്സിന്റെ ടീം റിക്രൂട്ട്മെന്റ് പോളിസി പൂർണമായും ദീർഘകാല പദ്ധതിയെ അടിസ്ഥാനമാക്കിയാണെന്ന് പറയുന്ന ജെയിംസ്, ക്ലബ്ബിന് ഇക്കാര്യം അറിയാമെന്നും കൂട്ടിച്ചേർക്കുന്നു. ജനുവരിയിലെ ട്രാൻസ്ഫർ ജാലകത്തിൽ ടീമിൽ കൂടുതൽ മാറ്റങ്ങൾ വരുത്താൻ തനിക്ക് മേൽ സമ്മർദ്ദങ്ങൾ ഇല്ലെന്നാണ് ജെയിംസ് പറയുന്നത്. “ടീമിന്റെ റിക്രൂട്ട്മെന്റ് പോളിസി നമുക്ക് ഒരു പ്രശ്നവുമല്ല, ടീം ഉടമകളുമായി ഇക്കാര്യത്തിൽ ചർച്ചകൾ നടത്തിയിട്ടുണ്ട്‌”. ജെയിംസ് പറഞ്ഞു.

ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരത്തിൽ കാണികൾ കുറഞ്ഞതിനെക്കുറിച്ച് ചോദിച്ചപ്പോൾ, ആരാധകർക്ക് അവരുടേതായ രീതിയിൽ പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും, എന്നാൽ കാണികളുടെ എണ്ണം തന്റെ ടീമിന്റെ പ്രകടനത്തെ ബാധിച്ചില്ലെന്നും ജെയിംസ് മറുപടി നൽകി. ” കാണികളുടെ എണ്ണം മത്സരത്തിൽ വ്യത്യാസമുണ്ടാക്കിയില്ല. പക്ഷേ എനിക്ക് തോന്നുന്നു ചില താരങ്ങൾ കൂടുതൽ കാണികൾ സ്റ്റേഡിയത്തിൽ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു. ആരാധകർ എങ്ങനെ വേണമെങ്കിലും പ്രതികരിക്കട്ടെ, അത് പൂർണമായും അവരാണ് തീരുമാനിക്കേണ്ടത്.” ജെയിംസ് പറഞ്ഞുനിർത്തി‌.