SHARE

മുംബൈ സിറ്റിക്കെതിരായ മത്സരത്തിനു മുമ്പ് പത്രസമ്മേളനത്തിനെത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ഡേവിഡ് ജെയിംസ് നിറഞ്ഞ ചിരിയോടെയാണ് മാധ്യമങ്ങളെ അഭിമുഖീകരിച്ചത്. കാര്‍മേഘം നിറഞ്ഞ ആകാശത്തിനു കീഴെ യാതൊരു സമ്മര്‍ദവുമില്ലാതെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ ഡിജെ ഇടയ്ക്ക് തമാശകളുമായി കളംനിറയുകയും ചെയ്തു.

ബ്ലാസ്‌റ്റേഴ്‌സിന്റെ ഇപ്പോഴത്തെ സ്‌ക്വാഡില്‍ തൃപ്തനാണെന്നു പറഞ്ഞ ജെയിംസ് ചില സമയത്ത് അന്തിമ ഇലവനെ തെരഞ്ഞെടുക്കുക വല്ലാത്ത വെല്ലുവിളിയായി മാറുന്നുവെന്നും പ്രതികരിച്ചു. ടീമില്‍ നിരവധി കളിക്കാരുണ്ട്. എല്ലാവരും ഒന്നിനൊന്നു മികച്ചവര്‍. ഏതു നിമിഷവും ഏതു പൊസിഷനിലും കളിക്കാന്‍ പറ്റുന്നവര്‍. ഈ വലിയ ലിസ്റ്റില്‍ നിന്ന് അന്തിമ ഇലവനെ തെരഞ്ഞെടുക്കുക ചില സമയത്ത് ബുദ്ധിമുട്ടാകാറുണ്ട്- ചിരിയോടെ ജെയിംസ് പറയുന്നു.

മലയാളി താരം സഹലിനെ പ്രശംസിക്കാനും കോച്ച് മറന്നില്ല. പ്രീസീസണ്‍ മത്സരങ്ങളില്‍ പുറത്തെടുത്ത മികച്ച പ്രകടനമാണ് സഹലിനെ എടികെയ്‌ക്കെതിരായ മത്സരത്തില്‍ ആദ്യ പതിനൊന്നില്‍ ഇറക്കാന്‍ കാരണം. സഹല്‍ കഴിവുള്ള താരമാണ്. മികച്ച ഭാവിയുണ്ടെന്നും ജെയിംസ് പറഞ്ഞു. രണ്ടാംമത്സരത്തില്‍ ടീമില്‍ ചില മാറ്റങ്ങളുണ്ടായേക്കുമെന്ന സൂചനയും ജെയിംസ് നല്കുന്നുണ്ട്.