SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് ക്ലബ് ഒഡിഷ എഫ്.സിയുടെ ​ഗ്ലോബൽ ഓപ്പറേഷൻസ് മേധാവിയായി വിഖ്യാതതാരം ഡേവിഡി വിയ്യ നിയമിതനായത് അപ്രതീക്ഷിതമാണ്. എന്നാൽ കൃത്യമായ പദ്ധതികളുടെ ഭാ​ഗമായാണ് ​ഒഡിഷ, ഈ സ്പാനിഷ് ​ഗോൾവേട്ടക്കാരനെ ഒപ്പം കൂട്ടിയത്.

39-കാരനായ വിയ്യ കഴിഞ്ഞ വർഷം മാത്രമാണ് ഫുട്ബോളിൽ നിന്ന് വിരമിച്ചത്. അതിനാൽ തന്നെ വിരമിക്കൽ പിൻവലിച്ച് കളിക്കളത്തിൽ തിരിച്ചെത്താനുള്ള അവസരം വിയ്യക്കുണ്ട്. ഇപ്പോൾ ഒഡിഷയിൽ പുതിയൊരു ദൗത്യമേറ്റെടുത്തെങ്കിലും വിയ്യ ഭാവിയിൽ ക്ലബിനായി കളിക്കുമോയെന്ന ആകാംഷ ആരാധകർക്കുണ്ട്. സ്കൈ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ ഈ ചോദ്യവും വിയ്യ നേരിട്ടു. എന്നാൽ ഇനി കളിക്കാനുള്ള സാധ്യത ഇല്ല എന്ന് തന്നെയാണ് വിയ്യ പറയുന്നത്.

ഒരു വർഷം മുമ്പ് വിരമിക്കാൻ തീരുമാനമെടുത്തതിന് കാരണം ഇനി എനിക്ക് കളിക്കാൻ പറ്റില്ല എന്നത് കൊണ്ടായിരുന്നില്ല, മറിച്ച് അതായിരുന്നു വിരമിക്കാൻ പറ്റിയ സമയം എന്ന് തോന്നിയതിനാലാണ്, പരിശീലനം നടത്തിയാൽ ഇനിയും കളിക്കാനാകുമെന്ന് തന്നെയാണ് എന്റെ വിശ്വാസം, എന്നാൽ ഞാനിപ്പോൾ വഹിക്കുന്ന ചുമതലയിൽ നിന്ന് കൊണ്ട്, ഫുട്ബോൾ എന്ന കായിക ഇനത്തിനായി കൂടുതൽ ചെയ്യാനാകും, ഒരുപക്ഷെ കളിക്കാരനായി ചെയ്യുന്നതിനേക്കാളേറെ, വിയ്യ പറഞ്ഞു.