SHARE

വിവാദമായ പന്ത് ചുരണ്ടൽ വിവാദത്തെത്തുടർന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ ഒരു വർഷത്തേക്ക് വിലക്കിയെങ്കിലും പിന്നീട് കാനഡയിൽ നടക്കുന്ന ഗ്ലോബൽ ടി20 ലീഗിൽ പങ്കെടുക്കാൻ വാർണറിന് അവർ അനുമതി നൽകിയിരുന്നു. പ്രഥമ കാനഡ ഗ്ലോബൽ ടി20 ലീഗിൽ വിന്നിപെഗ് ഹോക്സിന് വേണ്ടി കളിച്ച് കൊണ്ട് കഴിഞ്ഞ മാസം അവസാനത്തോടെ വാർണർ ക്രിക്കറ്റ് മൈതാനത്തേക്ക് തിരിച്ചെത്തുകയും ചെയ്തു. ഇപ്പോളിതാ തിരിച്ചുവരവ് ടൂർണമെന്റിൽത്തന്നെ ടീമിന്റെ നായകനാകാൻ തയ്യാറെടുക്കുകയാണ് വാർണർ.

കാനഡ ടി20 ലീഗിൽ വാർണറിന്റെ ടീമായ വിന്നിപെഗ് ഹോക്സിന്റെ ക്യാപ്റ്റനായിരുന്ന വിൻഡീസ് താരം ഡ്വെയിൻ ബ്രാവോ പാതി വഴിയിൽ ടൂർണമെന്റിൽ നിന്ന് പിന്മാറിയതിനാലാണ് വാർണറിന് ക്യാപ്റ്റൻസി നറുക്ക് വീണത്. ബ്രാവോ ടൂർണമെന്റിൽ നിന്ന് പിന്മാറിയതിന്റെ കാരണം വ്യക്തമല്ലെങ്കിലും വാർണറെ നായകനായി പ്രഖ്യാപിച്ച് ക്യാപ്റ്റൻസി പ്രശ്നം അതിവേഗം വിന്നിപെഗ് ഹോക്സ് പരിഹരിച്ചു കഴിഞ്ഞു.

വ്യാഴാഴ്ച വെസ്റ്റിൻഡീസ് ബി ടീമിനെതിരായ മത്സരത്തിൽ ടീമിനെ നയിച്ചാണ് വാർണർ ക്യാപ്റ്റൻസിയിലേക്ക് തിരിച്ചെത്തുന്നത്. അതേ സമയം ഓസ്ട്രേലിയൻ ദേശീയ ടീമിന്റെ ഉപനായകനായിരുന്ന വാർണർ നായക സ്ഥാനത്ത് മികച്ച റെക്കോർഡുള്ള താരമാണ്. ഓസ്ട്രേലിയൻ ദേശീയ ടീമിനെ നയിച്ച 12 ടി20 മത്സരങ്ങളിൽ 11 ലും അവർക്ക് വിജയം സമ്മാനിച്ച വാർണർ, 2016 സീസൺ ഐപിഎല്ലിൽ സൺ റൈസേഴ്സ് ഹൈദരാബാദിനെ കിരീട വിജയത്തിലേക്കും നയിച്ചിരുന്നു.