SHARE

പന്ത്രണ്ടാം എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗിൽ തകർപ്പൻ ഫോമിലാണ് സൺ റൈസേഴ്സ് ഹൈദരാബാദ് ഓപ്പണർ ഡേവിഡ് വാർണർ കളിക്കുന്നത്. നിലവിൽ ടൂർണമെന്റിലെ റൺ വേട്ടയിൽ മുന്നിൽ നിൽക്കുന്ന വാർണർ കഴിഞ്ഞ ദിവസം രാജസ്ഥാൻ റോയൽസിനെതിരെ നടന്ന മത്സരത്തിൽ സീസണിലെ റൺ നേട്ടം 611 ആക്കി ഉയർത്തി.

ഈ സീസണിലും 600 റൺസ് നേടിയതോടെ ഐപിഎല്ലിൽ മൂന്ന് സീസണുകളിൽ 600 ലധികം റൺസ് നേടുന്ന രണ്ടാം താരമെന്ന നേട്ടം വാർണറിന് സ്വന്തമായി. വെസ്റ്റിന്ത്യൻ വെടിക്കെട്ട് വീരൻ ക്രിസ് ഗെയിലാണ് ഈ നേട്ടം കുറിച്ച ആദ്യ താരം.

ഈ സീസണിന് പുറമേ ഐപിഎല്ലിന്റെ 2016, 2017 സീസണുകളിലാണ് വാർണർ 600 ലധികം റൺസ് നേടിയത്. അതേ സമയം 2011, 2012, 2013 വർഷങ്ങളിലായിരുന്നു ഗെയിൽ ഈ നേട്ടം കുറിച്ചത്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നായകൻ വിരാട് കോഹ്ലി രണ്ട് തവണ സീസണിൽ 600 ന് മേൽ റൺസ് നേടിയിട്ടുണ്ട്. 2013, 2016 വർഷങ്ങളിലായിരുന്നു കോഹ്ലിയുടെ നേട്ടം.