SHARE

പതിനാലാം എഡിഷൻ ഐപിഎല്ലിന് മുന്നോടിയായി സൺ റൈസേഴ്സ് ഹൈദരാബാദ്, അവരുടെ നായകനും ന്യൂസിലൻഡ് സൂപ്പർ താരവുമായ കെയിൻ വില്ല്യംസണെ ടീമിൽ നിലനിർത്തുമെന്ന് സൂചനകൾ നൽകി ടീമിന്റെ ഓസ്ട്രേലിയൻ സൂപ്പർ താരം ഡേവിഡ് വാർണർ. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ ഒരു ആരാധകന് നൽകിയ മറുപടിയിലായിരുന്നു തന്റെ സുഹൃത്തായ കെയിൻ വില്ല്യംസൺ വരും സീസണിലും ഹൈദരാബാദിലുണ്ടാകുമെന്നും അതിനാൽ അവരെ പി‌ന്തുണക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഡേവിഡ് വാർണർ പറഞ്ഞത്. വില്ല്യംസൺ വരും സീസണിലും ഓറഞ്ച് ആർമിയിലുണ്ടാകുമെന്ന കൃത്യമായ സൂചനകളാണ് വാർണറിന്റെ ഈ വാക്കുകളിൽ നിന്ന് ലഭിക്കുന്നത്.

കഴിഞ്ഞ ഐപിഎൽ സീസണ് മുൻപ് വരെ സൺ റൈസേഴ്സ് ഹൈദരാബാദിന്റെ ഏറ്റവും പ്രധാന താരമായിരുന്നു വാർണർ. ടീമിന്റെ നായകനുമായിരുന്നു അദ്ദേഹം. എന്നാൽ മോശം ബാറ്റിംഗ് പ്രകടനവും ഒപ്പം മാനേജ്മെന്റുമായുള്ള പ്രശ്നങ്ങളും മൂലം സീസണിന്റെ പാതിവഴിയിൽ വെച്ചു വാർണറിന് ടീമിന്റെ നായക സ്ഥാനം നഷ്ടമായി, പിന്നാലെ പ്ലേയിംഗ് ഇലവനിൽ നിന്നും അദ്ദേഹം പുറത്തായി. പതിനാലാം സീസൺ ഐപിഎല്ലിലെ അവസാന മത്സരങ്ങളെത്തിയപ്പോളേക്കും ടീമിന്റെ സൈഡ് ബെഞ്ചിലെ സ്ഥിര സാന്നിധ്യമായി വാർണർ മാറി.

നിലവിൽ പുറത്ത് വരുന്ന സൂചനകൾ പ്രകാരം ഡേവിഡ് വാർണറെ സൺ റൈസേഴ്സ് ഹൈദരാബാദ് ടീമിൽ നിലനിർത്തില്ല. അതു പോലെ തന്നെ കെയിൻ വില്ല്യംസണെ അവർ ടീമിൽ നിലനിർത്തുകയും ക്യാപ്റ്റൻ സ്ഥാനത്ത് നിലനിർത്തുകയും ചെയ്യും. ഈ മാസാവസാനത്തോടെ ഇക്കാര്യത്തിൽ അന്തിമ‌ പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.