SHARE

അടുത്ത വർഷം ഐപിഎല്ലിലേക്ക് പുതുതായി എത്തുന്ന രണ്ട് ഫ്രാഞ്ചൈസികളിലൊന്നിന്റെ നായകനാവാൻ താൻ തയ്യാറാണെന്ന് ഓസ്ട്രേലിയൻ സൂപ്പർ താരം ഡേവിഡ് വാർണർ. പതിനാലാം സീസൺ ഐപിഎല്ലിനിടെ സൺ റൈസേഴ്സ് ഹൈദരാബാദിന്റെ നായക ‌സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട വാർണറെ, മെഗാ ലേലത്തിന് മുൻപായി ഹൈദരാബാദ് ടീമിൽ നിലനിർത്തിയേക്കില്ലെന്ന സൂചനകൾ ശക്തമായ സമയത്താണ് പുതുതായി വരുന്ന ഐപിഎൽ ഫ്രാഞ്ചൈസികളെ നയിക്കുന്നതിനെക്കുറിച്ച് വാർണർ മനസ് തുറന്നത്.

“അതെ, അടുത്ത വർഷം ഐപിഎല്ലിലേക്ക് പുതുതായി 2 ടീമുകൾ വരുന്നു. ആ ഫ്രാഞ്ചൈസികളെ ഇതു വരെ പ്രഖ്യാപിച്ചിട്ടില്ല. ആ ആ ടീമുകളുടെ ക്യാപ്റ്റനാവാൻ ഞാൻ ആഗ്രഹിക്കുന്നുണ്ടോ? തീർച്ചയായും ഞാൻ ആസ്വദിക്കുന്ന ഒന്നാണത്. ആ ഉത്തരവാദിത്വം (നായകന്റെ) എന്നെ കൂടുതൽ നന്നായി കളിക്കാൻ സഹായിക്കും.”

“അങ്ങനെ എന്തെങ്കിലും വന്നാൽ (പുതിയ ടീമുകളുടെ ക്യാപ്റ്റൻസി) അത് ചെയ്യുന്നതിൽ ഞാൻ സന്തോഷിക്കും. എന്നാൽ ഒരുമിച്ച് ഒരു മികച്ച അടിത്തറ ഉണ്ടാക്കുന്നതാണ് പ്രധാനം. ഏറ്റവും മികച്ച നേതാവെന്ന് അവർ കരുതുന്നവർക്ക് ആ അംഗീകാരം ലഭിക്കും.”കഴിഞ്ഞ‌ ദിവസം സ്പോർട്സ് ടുഡേയോട് സംസാരിക്കവെ വാർണർ പറഞ്ഞു നിർത്തി.