SHARE

ഇന്നലെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ നടന്ന തങ്ങളുടെ ആദ്യ മത്സരത്തിൽ ന്യൂസിലൻഡ് സൂപ്പർ താരം കെയിൻ വില്ല്യംസൺ ഇല്ലാതെയായിരുന്നു സൺ റൈസേഴ്സ് ഹൈദരാബാദ് കളിച്ചത്. മുൻ സീസണുകളിൽ ടീമിനായി മികച്ച പ്രകടനം കാഴ്ച വെച്ച, തങ്ങളുടെ മുൻ നായകൻ കൂടിയായിരുന്ന വില്ല്യംസണെ ഹൈദരാബാദ് പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്താതിരുന്നത് ക്രിക്കറ്റ് പ്രേമികളെ ഞെട്ടിക്കുകയും ചെയ്തു. ടാക്ടിക്കൽ ചേഞ്ച് മൂലമാണ് വില്ല്യംസൺ ബാംഗ്ലൂരിനെതിരായ മത്സരത്തിൽ കളിക്കാതിരുന്നതെന്ന് ആദ്യം വാർത്തകൾ വന്നെങ്കിലും പിന്നീട് സൺ റൈസേഴ്സ് ഹൈദരാബാദ് നായകൻ ഡേവിഡ് വാർണർ, ഇതിന് പിന്നിലെ സത്യാവസ്ഥ വ്യക്തമാക്കി രംഗത്തെത്തി.

മത്സരത്തിന് മു‌ൻപ് ടീമിനൊപ്പം പരിശീലനം നടത്തവെ വില്ല്യംസണിന്റെ തുടമസിലിന് പരിക്കേറ്റിരുന്നെന്നും ഇത് മൂലമാണ് അദ്ദേഹത്തെ ബാംഗ്ലൂരിനെതിരായ മത്സരത്തിൽ ടീമിൽ ഉൾപ്പെടുത്താതിരുന്നതെന്നുമാണ് വാർണർ മത്സരശേഷം വെളിപ്പെടുത്തിയത്‌. “വില്ല്യംസൺ ഫിറ്റ് അല്ല. കഴിഞ്ഞ‌ ദിവസം മൊഹമ്മദ് നബിക്കൊപ്പം പരിശീലനം നടത്തുന്നതിനിടെ അദ്ദേഹത്തിന് പരിക്ക് പറ്റുകയായിരുന്നു. രണ്ട്‌ സ്പിന്നർമാരെ കളിപ്പിക്കാനായിരുന്നു ഞങ്ങൾ കരുതിയിരുന്നത് എന്നാൽ ചേസ് ചെയ്യാൻ താല്പര്യപ്പെട്ടിരുന്നതിനാൽ നന്നായി ബാറ്റ് ചെയ്യാൻ കഴിവുള്ള ഓൾ റൗണ്ടറായ മിച്ചൽ മാർഷിനെ കളിപ്പിക്കാൻ അവസാനം തീരുമാനിക്കുകയായിരുന്നു.” മത്സരത്തിന് ശേഷമുള്ള സമ്മാനദാനച്ചടങ്ങിനിടെ വാർണർ പറഞ്ഞു നിർത്തി.