SHARE

ബംഗ്ലാദേശ് പ്രീമിയർ ലീഗ് മത്സരത്തിനിടെ വലം കൈ ഉപയോഗിച്ച് ബാറ്റിംഗ് വെടിക്കെട്ട് നടത്തി സൂപ്പർ താരം ഡേവിഡ് വാർണർ. ബിപിഎല്ലിൽ കഴിഞ്ഞ ദിവസം സിൽഹട്ട് സിക്സേഴ്സും, രംഗ്പൂർ റൈഡേഴ്സും തമ്മിൽ നടന്ന മത്സരത്തിലായിരുന്നു സിക്സേഴ്സ് നായകൻ കൂടിയായ വാർണറിന്റെ ഞെട്ടിക്കുന്ന ബാറ്റിംഗ് പ്രകടനം.

സിൽഹട്ട് സിക്സേഴ്സ് ഇന്നിംഗ്സിന്റെ പത്തൊൻപതാം ഓവറിലായിരുന്നു ആരാധകരെ മുഴുവൻ ഞെട്ടിച്ച് കൊണ്ട് വാർണർ വലം കൈയ്യനായി ബാറ്റ് ചെയ്തത്. വിൻഡീസ് സൂപ്പർ താരം ക്രിസ് ഗെയിലായിരുന്നു ബോളർ. ഓവറിലെ ആദ്യ മൂന്ന് പന്തുകളിൽ സാധാരണ പോലെ ഇടം കൈയ്യനായിത്തന്നെയാണ് വാർണർ ബാറ്റ് ചെയ്തത്. എന്നാൽ ഈ മൂന്ന് പന്തുകളിൽ രണ്ട് റൺസ് മാത്രം നേടാനേ താരത്തിന് കഴിഞ്ഞുള്ളൂ. ഇതോടെ ബാറ്റിംഗ് രീതി ഒന്നു മാറ്റിപ്പിടിക്കാൻ വാർണർ തീരുമാനിച്ചു.

ഇടം കൈയ്യിൽ നിന്ന് വലം കൈയ്യിലേക്ക് വാർണർ തന്റെ ബാറ്റിംഗ് ശൈലി മാറ്റി. വലംകൈ ബാറ്റ്സ്മാനായി മാറിയ വാർണർ നാലാം പന്തിൽ തകർപ്പൻ സിക്സർ പറത്തി. പിന്നീടുള്ള രണ്ട് പന്തുകളും ബൗണ്ടറിയിലേക്ക് തന്നെയായിരുന്നു‌. ഇടം കൈയ്യിൽ നിന്ന് വലം കൈയ്യിലേക്ക് മാറിയ ശേഷമുള്ള മൂന്ന് പന്തുകളിൽ 14 റൺസാണ് ഓസീസ് താരം അടിച്ചുകൂട്ടിയത്. വലം കൈയ്യിൽ വാർണർ ബാറ്റ് ചെയ്യുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലും ഇപ്പോൾ വൈറലാണ്.