SHARE

പരിക്കിനെത്തുടർന്ന് ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും കളിക്കാനില്ലാതിരുന്ന ഓസ്ട്രേലിയൻ സ്റ്റാർ ഓപ്പണർ ഡേവിഡ് വാർണർ, ഈ മാസം 7 ന് സിഡ്നിയിൽ ആരംഭിക്കാനിരിക്കുന്ന മൂന്നാം ടെസ്റ്റിൽ കളിക്കാൻ സാധ്യത. മൂന്നാം ടെസ്റ്റിന് മുന്നോടിയായി ഇന്ന് നടന്ന വിർച്വൽ പത്രസമ്മേളനത്തിൽ സംസാരിക്കവെ ഓസ്ട്രേലിയൻ പരിശീലക‌ൻ ജസ്റ്റിൻ ലാംഗറാണ് മൂന്നാം ടെസ്റ്റിൽ വാർണർ കളിക്കാൻ മികച്ച സാധ്യതകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയത്. ഓസീസ് ആരാധകർക്ക് വലിയ ആശ്വാസം സമ്മാനിക്കുന്ന വാർത്തയാണിത്.

“മൂന്നാം ടെസ്റ്റിന് ഡേവിഡ് തയ്യാറാകുമെന്ന് വളരെയധികം പ്രതീക്ഷയുണ്ട്. അവൻ ഒരു പോരാളിയാണ്, അല്ലേ? മൂന്നാം ടെസ്റ്റിന് തയ്യാറാകാൻ സാധ്യമായതെല്ലാം അദ്ദേഹം ചെയ്യുന്നുണ്ടെന്ന് ഞാൻ കരുതുന്നു. അദ്ദേഹം നന്നായി മുന്നോട്ട് പോകുന്നു, കളിക്കാൻ നിശ്ചയദാർഢ്യത്തിലുമാണ്.

പോരാട്ടങ്ങൾ ഇഷ്ടപ്പെടുന്ന അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനും ഇഷ്ടപ്പെടുന്നു‌. ഇന്ന് ഉച്ചക്ക് ശേഷമുള്ള പരിശീലനം നോക്കിയതിന് ശേഷം അദ്ദേഹം കളിക്കണോ എന്ന കാര്യത്തിൽ ചർച്ച നടത്തും. അദ്ദേഹം മൂന്നാം ടെസ്റ്റ് കളിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കഴിഞ്ഞ 12 മാസക്കാലമായി വാർണർ 4 ദിവസ ക്രിക്കറ്റ് കളിച്ചിട്ടില്ല. എന്നാൽ അദ്ദേഹം കളിയുടെ ആശാനാണ്. പരിചയസമ്പത്ത് ഇത്തരം കാര്യങ്ങൾ മറികടക്കാൻ അദ്ദേഹത്തെ സഹായിക്കും.” ലാംഗർ പറഞ്ഞു നിർത്തി.

മൂന്നാം ടെസ്റ്റിനുള്ള ഓസ്ട്രേലിയൻ ടീം ഇങ്ങനെ : ടിം പെയിൻ (C), സീൻ ആബട്ട്, പാറ്റ് കമ്മിൻസ്, കാമറോൺ ഗ്രീൻ, മാർക്കസ് ഹാരിസ്, ജോഷ് ഹേസൽവുഡ്, ട്രാവിസ് ഹെഡ്, മോയിസസ് ഹെൻറിക്വസ്, മാർനസ് ലബുഷെയ്ൻ, നഥാൻ ലിയോൺ, മൈക്കൽ നെസെർ, ജെയിംസ് പാറ്റിൻസൺ, വിൽ പുകുവോസ്കി, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്വെപ്സൺ, മാത്യു വേഡ്, ഡേവിഡ് വാർണർ.