SHARE

ഓസ്ട്രേലിയൻ സൂപ്പർതാരം ഡേവിഡ് വാർണറിന് ഏർപ്പെടുത്തിയ ക്യാപ്റ്റൻസി വിലക്ക് നീക്കാൻ സാധ്യത തെളിയുന്നു. ഈ വിലക്ക് നീക്കുന്ന കാര്യം ക്രിക്കറ്റ് ഓസ്ട്രേലിയ പരി​ഗണിക്കുന്നതായാണ് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഓസ്ട്രേലിയൻ ദേശീയ ടീമിന്റെ മുൻ വൈസ് ക്യാപ്റ്റനാണ് വാർണർ.

2018-ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ കേപ് ടൗൺ ടെസ്റ്റിനിടെ അരങ്ങേറിയ പന്തുചുരണ്ടൽ വിവാദത്തിന് പിന്നാലെയാണ് വാർണറിന് ഓസ്ട്രേലിയയിൽ ആജീവനാന്തം ക്യാപ്റ്റൻസി വിലക്ക് ഏർപ്പെടുത്തിയത്. എന്നാലിപ്പോൾ ഓസ്ട്രേലിയയിലെ ബി​ഗ് ബാഷ് ലീ​ഗിലെ ക്ലബുകൾ വാർണറിനെ ക്യാപ്റ്റനായി കൊണ്ടുവരാൻ ആ​ഗ്രഹിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വാർണറിന്റെ വിലക്ക് നീക്കുന്ന കാര്യം അധിക‍ൃതർ പരി​ഗണിക്കുന്നതെന്നാണ് സൂചന.

ക്യാപ്റ്റൻസി വിലക്കിന് പുറമെ ഒരു വർഷം വാർണറിനെ കളിക്കളത്തിൽ നിന്നും വിലക്കിയിരുന്നു. എന്നാൽ 2019-ൽ ഓസ്ട്രേലിയൻ ടീമിൽ തിരിച്ചെത്തിയതിന് ശേഷം മിന്നുന്ന ഫോമിലാണ് വാർണർ. ഓസ്ട്രേലിയയെ ടി20 ലോകകപ്പ് ജേതാക്കളാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച താരം കൂടിയാണ് വാർണർ.