ഓസ്ട്രേലിയന്‍ താരം നഥാന്‍ ലിയോണിന്റെ ഒരു ഓവറില്‍ ഇംഗ്ലീഷ് ബാറ്റ്സ്മാന് ഡേവിഡ് വില്ലി അടിച്ചെടുത്തത് 34 റണ്‍സ്. ഓസ്ട്രേലിയയില്‍ ത്രിരാഷ്ട്ര പരമ്പരക്കെത്തിയ ഇംഗ്ലണ്ടും പ്രൈം മിനിസ്റ്റേഴ്സ് ഇലവനും തമ്മിൽ നടന്ന സന്നാഹ മത്സരത്തിലായിരുന്നു ഡേവിഡ് വില്ലിയുടെ വെടിക്കെട്ട് ബാറ്റിംഗ്.
ലിയോണിന്റെ ഒരു ഓവറില്‍ അഞ്ചു സിക്സറുകളും ഒരു ബൗണ്ടറിയുമാണ് വില്ലി പറത്തിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പ്രൈം മിനിസ്റ്റേഴ്സ് ഇലവന് 20 ഓവറില്‍ 136-8 റണ്‍സ് നേടി. 43 റണ്‍സെടുത്ത പീറ്റര്‍ ഹാന്‍ഡ്സ്കോംബ് ആയിരുന്നു ടോപ് സ്കോറര്‍. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് വേണ്ടി ഓപ്പണര്‍മാരായി എത്തിയത് ജെയിംസ് വിന്‍സും ഡേവിഡ് വില്ലിയും.
മത്സരത്തിന്റെ അഞ്ചാം ഓവറില്‍ പന്തെറിയാന്‍ വന്നതായിരുന്നു പ്രൈം മിനിസ്റ്റേഴ്സ് ഇലവന് ക്യാപ്റ്റന്‍ നഥാന്‍ ലിയോണ്‍. ഓവറിലെ ആദ്യ അഞ്ചു പന്തുകളും വില്ലി ഗ്യാലറിയിലേക്ക് പറത്തിവിട്ടു. എന്നാല്‍ അവസാനപന്തില്‍ ബൗണ്ടറി വഴങ്ങി നഥാന്‍ ലിയോണ്‍ രക്ഷപ്പെടുകയായിരുന്നു.
മത്സരത്തില്‍ 36 പന്തില്‍ ആറു സിക്സറുകളും ആറു ബൗണ്ടറികളും സഹിതം 79 റണ്‍സാണ് വില്ലി നേടിയത്. വില്ലിയുടെ ബാറ്റിംഗ് കരുത്തില്‍ ഇംഗ്ലണ്ട് 13ാം ഓവറില്‍ മത്സരം വിജയിക്കുകയും ചെയ്തു.