SHARE

കഴിഞ്ഞ ദിവസമായിരുന്നു ഡെൽഹി ക്യാപിറ്റൽസിന്റെ ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം ആൻറിച്ച് നോർക്കിയക്ക് കോവിഡ് 19 സ്ഥിരീകരിച്ചത്. പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിൽ കളിച്ചതിന് ശേഷം ഇന്ത്യയിലെത്തി ക്വാറന്റൈനിലായിരുന്ന‌നോർക്കിയ കോവിഡ് പോസിറ്റീവ് ആയെങ്കിലും, അദ്ദേഹത്തിനൊപ്പമെത്തിയ കാഗിസോ റബാഡ ആർടിപിസിആർ പരിശോധനയിൽ നെഗറ്റീവ് ആവുകയും പിന്നാലെ‌ ടീമിനൊപ്പം ചേർന്ന് പരിശീലനം പുനരാരംഭിക്കുകയും ചെയ്തിരുന്നു.

എന്നാൽ ഒരുമിച്ച് വന്ന നോർക്കിയ കോവിഡ് പോസിറ്റീവായ സാഹചര്യത്തിലും റബാഡ ഡെൽഹി ടീമിനൊപ്പം ചേർന്നതിൽ ചില‌ കളികാർക്ക് അതൃപ്തിയുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ഇപ്പോൾ പുറത്ത് വന്നിരിക്കുന്നു. റബാഡ രണ്ട് തവണ നടത്തിയ കോവിഡ് പരിശോധനയിലും നെഗറ്റീവ് ആയെങ്കിലും ഇത്ര ധൃതി പിടിച്ച് താരത്തെ പരിശീലനത്തിനിറക്കിയ ഡെൽഹി മാനേജ്മെന്റിന്റെ നീക്കത്തിനെതിരെയും വലിയ വിമർശനങ്ങൾ ഉയർന്ന് കഴിഞ്ഞു.അതേ സമയം ആൻറിച്ച് നോർക്കിയയുടെ രണ്ടാം കോവിഡ് പരിശോധനാഫലം ഇതു‌ വരെ പുറത്ത് വന്നിട്ടില്ലെന്നും ഈ ഫലത്തിനായി കാത്തിരിക്കുകയുമാണ് ഡെൽഹി ക്യാമ്പെന്നുമാണ് സൂചനകൾ. നേരത്തെ ദക്ഷിണാഫ്രിക്കയിൽ നിന്ന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി എത്തിയ നോർക്കിയയുടെ ഇന്ത്യയിലെത്തിയതിന് ശേഷമുള്ള ആദ്യ പരിശോധനയിൽ പിഴവ് വന്നതാകാമെന്നും അതിനാൽ രണ്ടാം പരിശോധനയിൽ താരം നെഗറ്റീവ് ആയിരിക്കുമെന്നുമുള്ള വിശ്വാസത്തിലാണ് ഫ്രാഞ്ചൈസി.