ഡൽഹി ക്യാപിറ്റല്‍സിനെതിരെ നടക്കുന്ന ഐ പി എല്‍ മത്സരത്തില്‍ പൊരുതാവുന്ന സ്കോര്‍ നേടി മുംബൈ ഇന്ത്യന്‍സ്. ഡല്‍ഹി ഫിറോസ് ഷാ സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ 168-5 റണ്‍സ് നേടി. എതിരാളികളുടെ തട്ടകത്തില്‍ ടോസ് നേടിയ മുംബൈ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് മുംബൈയ്ക്ക് നല്‍കിയത്. ഏഴാമത്തെ ഓവറിലെ ആദ്യ പന്തില്‍ 30 റണ്‍സ് നേടി രോഹിത് ശര്‍മ്മ മടങ്ങുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ 57 റണ്‍സായിരുന്നു. മൂന്നാമനായി എത്തിയ ബെന്‍ കട്ടിംഗ് (2) നിലയുറപ്പിക്കും മുമ്പ് മടങ്ങി. സൂര്യകുമാര്‍ യാദവിന്റെ ഇന്നിംഗ്സിന് വേഗം കുറവായിരുന്നു. 27 പന്തു നേരിട്ടാണ് താരം 26 റണ്‍സ് നേടിയത്. ക്വിന്റണ്‍ ഡി കോക്ക് 35 റൺസ് നേടി റണ്ണൗട്ടാവുകയായിരുന്നു.
ഒടുവില്‍ ക്രുനാല്‍ പാണ്ഡ്യയും ഹാര്‍ദിക് പാണ്ഡ്യയും നടത്തിയ വെടിക്കെട്ടാണ് മുംബൈയെ മികച്ച സ്കോറിലെത്തിച്ചത്. ഹാര്‍ദിക് പാണ്ഡ്യ 15 പന്തില്‍ 32 റണ്‍സ് നേടി പുറത്തായപ്പോള്‍ ക്രുനാല്‍ പാണ്ഡ്യ 26 പന്തില്‍ 37 റണ്‍സുമായി പുറത്താവാതെ നിന്നു. ഡല്‍ഹിക്ക് വേണ്ടി കഗിസോ റബാഡ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി.