2019-10 ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസണിലെ മികച്ച താരമായി മാഞ്ചസ്റ്റർ സിറ്റിയുടെ കെവിൻ ഡിബ്രുയനെ തിരഞ്ഞെടുത്തു. ലീഗ് കിരീടം ചൂടിയ ലിവർപൂളിൽ നിന്നുള്ള ജോർദാൻ ഹെൻഡേഴ്സൻ, സാദിയോ മാനെ, ട്രെന്റ് അലക്സാണ്ടർ അർനോൾഡ് തുടങ്ങിയവരെ മറികടന്നാണ് സിറ്റി മിഡ്ഫീൽഡർ പുരസ്കാരത്തിന് അർഹനായത്.
ഇക്കഴിഞ്ഞ സീസണിൽ സിറ്റിക്ക് കിരീടം ചൂടാനായില്ലെങ്കിലും ഡി ബ്രുയന്റെ പ്രകടനം പതിവുപോലെ പ്രശംസയേറ്റുവാങ്ങി. ലീഗിൽ 13 ഗോളുകളാണ് ഈ ബെൽജിയൻ താരം നേടിയത്. 20 ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു. ഈ പ്രകടനമാണ് ഡി ബ്രുയനെ അംഗീകരത്തിന് അർഹനാക്കിയത്. 2011-12 സീസണിൽ വിൻസെന്റ് കോംപനിക്ക് ശേഷം ഈ പുരസ്കാരം നേടുന്ന ആദ്യ സിറ്റി താരം കൂടിയാണ് ഡിബ്രുയൻ
സിറ്റിക്കായി ഇത് തുടർച്ചയായ മൂന്നാം സീസണിലാണ് ഡിബ്രുയൻ മികച്ച പ്രകടനം നടത്തുന്നത്. കഴിഞ്ഞ രണ്ട് തവണയും മികച്ച താരത്തിനുള്ള ഒട്ടുമിക്ക പുരസ്കാരങ്ങളിൽ നിന്നും ഡിബ്രുയൻ തഴയപ്പെട്ടിരുന്നു. അതിനാൽ തന്നെ ഇക്കുറി താരത്തിന് ലഭിച്ചിരിക്കുന്നത് വൈകിയെത്തിയ അംഗീകാരമാണ്