SHARE

യൂറോ യോ​ഗ്യതാ മത്സരത്തിനിടെ സ്പാനിഷ് ​ഗോളി ഡേവിഡ് ഡി ​ഗിയക്ക് പരുക്കേറ്റത് ഇം​ഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന് തിരിച്ചടിയാകുന്നു. ഈയാഴ്ച നടക്കാനിരിക്കുന്ന ലിവർപൂളിനെതിരായ പ്രീമിയർ ലീ​ഗ് മത്സരത്തിൽ ഡി ​ഗിയക്ക് കളിക്കാനായേക്കില്ലെന്ന് സൂചനകൾ പുറത്തുവന്നതാണ് യുണൈറ്റഡിന്റെ നെഞ്ചിടിപ്പേറ്റുന്നത്.

ഇന്നലെ സ്വീഡനെതിരായ മത്സരത്തിനിടെയാണ് ഡി ​ഗിയക്ക് പരുക്കേറ്റത്. കിടിലൻ സേവുകളുമായി മത്സരത്തിൽ തിളങ്ങിയ ഡി ​ഗിയക്ക് രണ്ടാം പകുതിയിൽ​ ​ഗോൾകിക്ക് എടുത്തതിന് പിന്നാലെയാണ് പരുക്കേറ്റത്. അപ്പോൾ തന്നെ ഡി ​ഗിയയെ പിൻവലിച്ച് കേപ്പാ അരിസാബലാ​ഗയെ പകരമിറക്കി. കാലിലെ പേശിക്ക് പരുക്കേറ്റ ഡി ​ഗിയ മുടന്തിയാണ് കളിക്കളം വിട്ടത്.

ഡി ​ഗിയയുടെ പരുക്ക് പ്രശ്നമുള്ളതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നാൽ താരത്തിന് ലിവർപൂളിനെതിരായ മത്സരം നഷ്ടമാകാനുള്ള സാധ്യതയുണ്ട്. ലീ​ഗിൽ യുണൈറ്റഡിന് ഏറ്റവും നിർണായകമാണ് ഈ മത്സരം. ഒരുപക്ഷെ പരിശീലകൻ ഒലെ ​ഗുണ്ണർ സോൾഷ്യറിന്റെ ഭാവിയും ഈ മത്സരം നിശ്ചയിച്ചേക്കാം