SHARE

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്പാനിഷ് ഗോൾകീപ്പർ ഡേവിഡ് ഡി ഗിയ, ഗോൾകീപ്പർമാർക്കിടയിലെ ലയണൽ മെസിയാണെന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ വാറ്റ്ഫഡിന്റെ താരമായ ബെൻ ഫോസ്റ്റർ. കഴിഞ്ഞ ദിവസം നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡുമായി 2-1 ന് തോൽവി നേരിട്ടതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് യുണൈറ്റഡ് ഗോൾകീപ്പർ ഡിഗിയയെ വാനോളം പുകഴ്ത്തി ഇംഗ്ലണ്ട് താരം കൂടിയായ ബെൻ ഫോസ്റ്റർ രംഗത്ത് വന്നത്.

” ഡിഗിയ ഗോൾകീപ്പിംഗിലെ ലയണൽ മെസിയാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ലോക ഫുട്ബോളിലെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിലൊരാളാണ് അദ്ദേഹം. ഡിഗിയയുടെ പ്രകടനത്തെ എന്ത് പറഞ്ഞാണ് വിശേഷിപ്പിക്കേണ്ടത് എന്ന് തനിക്ക് അറിയില്ല. അദ്ദേഹത്തിന്റെ ചില സേവുകൾ അവിശ്വസനീയമാണ്. ഗോൾകീപ്പർമാരിൽ ഏറ്റവും ഉന്നതിയിലാണ് ഡിഗിയ ഇപ്പോൾ. യുവ ഗോൾകീപ്പർമാർക്ക് അദ്ദേഹത്തിൽ നിന്ന് ഏറെ പഠിക്കാനുണ്ട്.” മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പർ കൂടിയായിരുന്ന ബെൻഫോസ്റ്റർ പറഞ്ഞു.