ഒന്നെങ്കില്‍ ജയം അതല്ലെങ്കില്‍ മരണം. ഇതിന് രണ്ടിനും തയ്യാറായാണ് ഓരോ യോദ്ധാവും പട ക്കളത്തിലേക്കിറങ്ങുന്നത്. ചിലര്‍ക്ക് ലഭിക്കുന്ന പ്രതിയോഗികള്‍ ദുര്‍ബലയാരിക്കും, മറ്റ് ചിലര്‍ക്ക് നേരെ മറിച്ചും. അത് യുദ്ധതന്ത്രമാണ്. അതിശക്തനായ പ്രതിയോഗിയെ വീഴ്ത്താന്‍ തുല്യശക്തനായ പോരാളിയെ നിയോഗിക്കുക എന്നത്. കാല്‍പന്ത് കളിയുടെ ലോകപോര്‍ക്കളത്തില്‍ എന്നാല്‍ യോദ്ധാക്കളെ നിയോഗിക്കുന്നത് നറുക്കെടുപ്പിലൂടെ മാത്രം. അവിടെ മറ്റൊന്നിനും സ്ഥാനമില്ല.
ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാത്രമാണവിടെ മാനദണ്ഡമാക്കുക. ചിലര്‍ക്ക് അനായസം ജയിക്കാവുന്ന ഗ്രൂപ്പ് ലഭിക്കും മറ്റ് ചിലര്‍ക്കാകാകട്ടെ, എല്ലാ ലോകകപ്പിന്റേയും ആകാഷംയും ആവേശവും ഒത്തുചേരുന്ന മരണഗ്രൂപ്പുകളും. ലോകകപ്പില്‍ മുത്തമിടാന്‍ ഒരു ടീമിനേ അവകാശമുള്ളു, ബാക്കി 31 പേരും ഓരോ ഘട്ടങ്ങളിലായി വെട്ടിവീഴത്തപ്പെടുന്നു. അതെന്തായാലും ലോകഫുട്‌ബോളിലെ പ്രധാന പേരുകാരെല്ലാവരും നോക്കൗട്ടിലെത്തുമെന്ന ആരാധകപ്രതീക്ഷയെ അവസാനനിമിഷം വരെ വേട്ടയാടുന്നവയാണ് മരണഗ്രൂപ്പുകള്‍. വമ്പന്മാരുടെ അകാലമൃത്യു ഒളിഞ്ഞുകിടക്കുന്നതാണ് മരണഗ്രൂപ്പുകള്‍, ലോകകപ്പിലെ ചില മരണഗ്രൂപ്പുകളെ പരിചയപ്പെടാം.
1982 ലോകകപ്പിലെ ഗ്രൂപ്പ് സിയാണ് മരണഗ്രൂപ്പുകളില്‍ ഏറ്റവും കടുപ്പമേറിയതെന്ന് വിശേഷിപ്പിക്കപെടുന്നത്. ആദ്യ റൗണ്ടിന് ശേഷം മുന്ന് ടീമുകള്‍ വിതമുള്ള നാല് ഗ്രൂപ്പുകളിലായി രണ്ടാം റൗണ്ട് മത്സരങ്ങളാണ് നടന്നത് അതില്‍ ഓരോ ഗ്രുപ്പിലേയും വിജയികള്‍ സെമിയിലെത്തും.
രണ്ടാം റൗണ്ടിലെ ഗ്രൂപ്പ് സി, നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന, ഇറ്റലി, ബ്രസീല്‍ എന്നിവ അടങ്ങിയതായിരുന്നു. അതുവരെ നടന്ന് പതിനൊന്ന് ലോകകപ്പുകളില്‍ ആറെണ്ണവും സ്വന്തമാക്കിയത് ഈ മുന്ന് ടീമുകള്‍ ചേര്‍ന്നാണ്. സീക്കോ, സോക്രട്ടീസ് എന്നിവരായിരുന്ന ബ്രസീലിന്റെ കൂന്തമുനകള്‍, ഡീഗോ മറഡോണയായിരുന്നു അര്‍ജന്റീനയുടെ കരുത്ത്. എന്നാല്‍ ഇരുടീമുകളേയും വീഴ്ത്തി ഇറ്റലി സെമിയിലേക്ക് നീങ്ങി. ടൂര്‍ണമെന്റില്‍ അതുവരെ ഗോളടിക്കാതിരുന്ന പൗളോ റോസിയുടെ ഹാട്രിക്കിന്റെ മികവില്‍ ഇറ്റലി ബ്രസീലിനെ വീഴ്ത്തിയ മത്സരം ഫുട്‌ബോള്‍ ചരിത്രത്തില്‍ തന്നെ മികച്ച മത്സരമാണ്.
2010 ഗ്രൂപ്പ് ജി
വമ്പന്‍ പേരുകള്‍ മാത്രമല്ല മരണഗ്രൂപ്പിനെ നിര്‍ണയിക്കുന്നത് അതിന് മറ്റ് ഘടകങ്ങളുമുണ്ട്. 2010 ദക്ഷിണാഫ്രിക്ക ലോകകപ്പിലെ മരണഗ്രൂപ്പ് ഗ്രൂപ്പ് ജി ആയിരുന്നു. നാല് ഭൂഖണ്ഡങ്ങളിലെ നാല് ടീമുകള്‍. ബ്രസീല്‍, പോര്‍ച്ചുഗല്‍, ഐവറി കോസ്റ്റ്, ഉത്തരകൊറിയ. എല്ലാ ലോകകപ്പിലേയും ഫേവറിറ്റുകളാണ് ബ്രസീല്‍. എത്ര മോശം ഫോമിലാണെങ്കിലും അവര്‍ കീരീടം നേടുമെന്ന് വിശ്വാസമാണ് എല്ലാവര്‍ക്കും. കക്ക എന്ന സൂപ്പര്‍താരത്തിന്റെ സാന്നിധ്യം വേറെ. ലോകഫുട്‌ബോളില്‍ പുതിയ കരുത്തായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ സിംഹാസനം ഉറപ്പിക്കുന്ന സമയം. പോര്‍ച്ചുഗലിന്റെ പ്രതീക്ഷകള്‍ മുഴുവന്‍ ആ കാലുകളില്‍.
എല്ലാ ലോകകപ്പുകളിലും കറുത്ത കുതിരകളുണ്ടാകും. ആഫ്രിക്കയില്‍ കൊമ്പന്മാരില്‍ വമ്പനായ ദിദിയര്‍ ദ്രോഗ്ബ നയിക്കുന്ന ഐവറി കോസ്റ്റ് ആയിരുന്നു മറ്റൊരു ശക്തി. അധികമൊന്നും അറിയപ്പെടാത്ത ടീമാണ് ഉത്തരകൊറിയ. ആ അഞ്ജതയായിരുന്നു അവരുടെ കരുത്ത്. ഇരുമ്പമറയ്ക്കുള്ളില്‍ നിന്ന് വന്നവരുടെ ശക്തിയോ ദൗര്‍ബല്യോ ആര്‍ക്കും നിശ്ചയമില്ലായിരുന്നു. ഗ്രൂപ്പിലെ മത്സരത്തില്‍ ബ്രസീലിനെ വിറപ്പിച്ച അവരുടെ പ്രകടനം അത് സാധൂകരിക്കുന്നു. പ്രതീക്ഷിച്ചപോലെ ബ്രസീലും പോര്‍ച്ചുഗലും അടുത്ത ഘട്ടത്തിലേക്ക് പ്രവേശിച്ചു.
2006 ഗ്രൂപ്പ് സി
ഐവറികോസ്റ്റ് ഉള്‍പ്പെട്ട തന്നെ ഗ്രൂപ്പായിരുന്നു 2006 ജര്‍മന്‍ ലോകകപ്പിലേയും മരണ ഗ്രൂപ്പ്. എക്കാലത്തേയും ഹോട്ട് ഫേവറിറ്റുകളില്‍ ഒന്നായ അര്‍ജന്റീന. സമ്പൂര്‍ണ ഫുട്‌ബോളിന്റെ ഓറഞ്ച് വിപ്ലവം തീര്‍ത്ത നെതര്‍ലന്‍ഡ്, പഴയ യുഗോസ്ലാവിയന്‍ കരുത്തിന്റെ അംശങ്ങള്‍ ചോരാത്ത സെര്‍ബിയ എന്നിവയായിരുന്നു ഗ്രൂപ്പിലെ മറ്റ് ശക്തികള്‍. 24 പാസുകള്‍ക്കൊടുവില്‍ നേടിയ കാമ്പിയോസയുടെ മനോഹര ഗോള്‍ കണ്ടത് ഗ്രൂപ്പിലെ അര്‍ജന്റീന സെര്‍ബിയ മത്സരത്തിലാണ്. അര്‍ജന്റീനയും നെതര്‍ലന്‍ഡസും അടുത്ത റൗണ്ടിലേക്ക് നീങ്ങി. ഇറ്റലി, ഘാന. ചെക് റിപ്പബ്ലിക്ക്, യു.എസ്.എ എന്നിവരങ്ങിയ ഗ്രൂപ്പ് എഫും മരണഗ്രൂപ്പായി തന്നെയാണ് വിലയിരുത്തപ്പെട്ടത്.
2002ഗ്രൂപ്പ് എഫ്
ഏഷ്യയിലേക്ക് വിരുന്നെത്തിയ ആദ്യ ലോകകപ്പില്‍ ഗ്രൂപ്പ് എഫ് ആയിരുന്നു മരണഗ്രൂപ്പ്. കിരീടപ്രതീക്ഷകളുമായി അര്‍ജന്റീന, ഡേവിഡ് ബെക്കാമിന്റെ ഇംഗ്ലണ്ട്, സ്‌കാന്‍ഡിനേവിയിന്‍ കരുത്തുമായി സ്വീഡന്‍. ആഫ്രിക്കന്‍ വന്യതയുമായി നൈജീരിയയും. കടുത്ത മത്സരങ്ങള്‍ നടന്ന ഗ്രൂപ്പില്‍ നിന്ന് ആദ്യ റൗണ്ട് കഴിഞ്ഞപ്പോള്‍ അര്‍ജന്റീനയും നൈജീരിയയും പുറത്ത്.
2014 ബ്രസീല്‍ ലോകകപ്പില്‍ രണ്ട് ഗ്രൂപ്പുകളെ മരണഗ്രൂപ്പെന്ന് വിശേഷിപ്പിക്കാം. നിലവിലെ ജേതാക്കളായ സ്‌പെയിന്‍ റണ്ണറപ്പുകളായ, നെതര്‍ലന്‍ഡ്, ലാറ്റിനമേരിക്കയില്‍ നിന്ന് ഉദിച്ചുയര്‍ന്ന ചിലി, ഓസ്‌ട്രേലിയ എന്നവരായിരുന്നു ഗ്രൂപ്പില്‍. അന്തമിവിധി് വന്നപ്പോള്‍ സ്‌പെയിന്‍ പുറത്ത്. നെതര്‍ലന്‍ഡും ചിലിയും വിജയം കൊയ്തു.
ഗ്രൂപ്പ് ഡി
ലോകഫുട്‌ബോളിലെ വന്‍ശക്തികളായ ഇറ്റലി, ഇംഗ്ലണ്ട്, ആദ്യ ലോകകപ്പ് ജേതാക്കളായ ഉറുഗ്വേ, കോസ്റ്റ റിക്ക എന്നിവരായിരുന്നു ഗ്രൂപ്പില്‍. പ്രവചനങ്ങള്‍ മുഴുവന്‍ തെറ്റിയ ഗ്രൂപ്പില്‍ നിന്ന് കോസ്റ്ററിക്കയും ഉറുഗ്വേയും അടുത്ത റൗണ്ടിലേക്ക് നീങ്ങി.