SHARE

അടുത്ത സീസൺ ഐപിഎല്ലിന് മുന്നോടിയായി നടക്കാനിരിക്കുന്ന മെഗാ താരലേലത്തിന് മുൻപ് മഹേന്ദ്ര‌ സിംഗ് ധോണിയെ ടീമിൽ നിലനിർത്തണോ, വേണ്ടയോ എന്ന് തീരുമാനിക്കുക റിട്ടൻഷൻ നിയമങ്ങൾ അറിഞ്ഞതിന് ശേഷമായിരിക്കുമെന്ന് ചെന്നൈ സൂപ്പർ കിംഗ്സ് ഒഫീഷ്യൽ. ലേലത്തിന് മു‌ൻപ് ചെന്നൈ ‌തങ്ങളുടെ ആദ്യ റിട്ടൻഷൻ ഉപയോഗിക്കുക ‌ധോണിക്ക് വേണ്ടിയായിരിക്കുമെന്ന് ടീം ഒഫീഷ്യൽമാരിലൊരാൾ പറഞ്ഞെന്ന വാർത്ത കഴിഞ്ഞ ദിവസം ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായിരുന്നു. എന്നാൽ റിട്ടൻഷൻ നിയമങ്ങൾ എങ്ങനെയെന്ന കാര്യത്തിൽ വ്യക്തത വന്നതിന് ശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂവെന്ന് ഇന്ത്യ ടിവിയോട് സംസാരിക്കവെ ഫ്രാഞ്ചൈസി ഒഫീഷ്യൽമാരിലൊരാൾ വ്യക്തമാക്കുകയായിരുന്നു.

“റിട്ടൻഷൻ നിയമങ്ങളിൽ ഇതു വരെ വ്യക്തത വന്നിട്ടില്ല. എത്ര കളികാരെ ടീമിൽ നിലനിർത്താൻ അനുവദിക്കുമെന്ന കാര്യത്തിൽ ഞങ്ങൾക്ക് ഉറപ്പില്ല. നിയമങ്ങൾ അറിഞ്ഞതിന് ശേഷമാകും അക്കാര്യത്തിൽ (ധോണിയെ നിലനിർത്തുന്ന കാര്യത്തിൽ) തീരുമാനമെടുക്കൂ.” ഇന്ത്യ ടിവിയോട് സംസാരിക്കവെ ചെന്നൈ സൂപ്പർ കിംഗ്സ് ഒഫീഷ്യൽ വ്യക്തമാക്കി.

അതേ സമയം ഈ വർഷത്തെ ഐപിഎല്ലിൽ ചെന്നൈയെ കിരീട നേട്ടത്തിലേക്ക് നയിച്ചതിന് ശേഷം സംസാരിക്കവെ വിരമിക്കലുമായി ബന്ധപ്പെട്ട് ഒരു പദ്ധതിയും താൻ ഇതു വരെ തയ്യാറാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ ധോണി, ഐപിഎൽ 2022 ലെ മെഗാലേലത്തിനുള്ള നിയമങ്ങൾ ബിസിസിഐ പ്രഖ്യാപിച്ചതിന് ശേഷം ഇക്കാര്യത്തിൽ അന്തിമ‌ തീരുമാനമെടുക്കുമെന്നും, ചെന്നൈക്ക് എന്താണോ മികച്ചത് അത് താൻ ചെയ്യുമെന്നും വ്യക്തമാക്കിയിരുന്നു.

“ഞാൻ മുൻപും പറഞ്ഞിട്ടുണ്ട്.‌ രണ്ട് പുതിയ ടീമുകൾ വരുന്നതിനാൽ അത് (തന്റെ വിരമിക്കൽ) ബിസിസിഐയെ ആശ്രയിച്ചിരിക്കുന്നു. ചെന്നൈ സൂപ്പർ കിംഗ്സിന് എന്താണ് നല്ലതെന്ന് ഞങ്ങൾക്ക് തീരുമാനിക്കേണ്ടതുണ്ട്.” ധോണി പറഞ്ഞു.

താൻ ടീമിൽ നിലനിൽക്കുന്നതിനേക്കാൾ പ്രധാനം ടീം കഷ്ടപ്പെടില്ലെന്ന് ഉറപ്പ് വരുത്തുന്നതിനായി ഒരു കോർ ടീം ഉണ്ടാക്കുകയെന്നതാണെന്ന് ചൂണ്ടിക്കാട്ടിയ ധോണി, അടുത്ത 10 വർഷത്തേക്ക്‌ ടീമിനായി സംഭാവന നൽകാൻ കഴിയുന്ന കളികാരെയാണ് കോർ ടീമിലേക്ക് തങ്ങൾ ഉറ്റുനോക്കുന്നതെന്നും അന്ന് സംസാരത്തിനിടെ കൂട്ടിച്ചേർത്തിരുന്നു.