SHARE

ഇന്ത്യൻ യുവ ബാറ്റ്സ്മാനായ പൃഥ്വി ഷായെ ലോക‌ ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിനും, തുടന്ന് ഇംഗ്ല‌ണ്ടിനെതിരെ നടക്കാനിരിക്കുന്ന അഞ്ച് മത്സര ടെസ്റ്റ് പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കാനുള്ള സെലക്ടർമാരുടെ തീരുമാനത്തെ കഠിനം എന്ന് വിശേഷിപ്പിച്ച് മുൻ ഇന്ത്യൻ സ്റ്റാർ പേസർ ആശിഷ് നെഹ്‌റ. ഓസ്ട്രേലിയക്കെതിരെ അഡലെയ്ഡിൽ നടന്ന ആദ്യ ടെസ്റ്റിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്നതിൽ പരാജയപ്പെട്ടതോടെ ടീമിന്റെ പ്ലേയിംഗ് ഇലവനിൽ നിന്ന് പുറത്തായ ഷായെ ഇപ്പോൾ ആ ഒരു മത്സരത്തിന്റെ അടിസ്ഥാനത്തിൽ ടീമിൽ നിന്നും ഒഴിവാക്കുന്നത് വളരെ കഠിനമാണെന്നാണ് നെഹ്‌റ ചൂണ്ടിക്കാട്ടുന്നത്.

ടെക്നിക്കുകൾ ശരിയാക്കുന്നത് ഏതൊരു ബാറ്റ്സ്മാനും പ്രയാസമുള്ള കാര്യമാണെന്നാണ് നെഹ്‌റ പറയുന്നത്. അഡലെയ്ഡിൽ ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിൽ ബാറ്റിംഗ് പരാജയം സംഭവിക്കുമ്പോൾ 30-40 മത്സരങ്ങളുടെ പരിചയസമ്പത്തുള്ള ബാറ്റ്സ്മാനായിരുന്നില്ല പൃഥ്വി ഷായെന്ന് ചൂ‌ണ്ടിക്കാട്ടുന്ന നെഹ്‌റ, ഒരു ടെസ്റ്റ് മത്സരത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ ടീമിൽ നിന്ന് പുറത്താക്കുന്നത് അല്പം കടുപ്പമുള്ള കാര്യമാണെന്നും ക്രിക്ബസിനോട് സംസാരിക്കവെ കൂട്ടിച്ചേർത്തു.

അതേ‌ സമയം അഡലെയ്ഡ് ടെസ്റ്റിൽ‌ 0, 4 എന്നിങ്ങനെയായിരുന്നു പൃഥ്വി‌ഷായുടെ സ്കോറുകൾ. ഇന്ത്യ പരാജയപ്പെട്ട ഈ മത്സരത്തിന് ശേഷം പ്ലേയിംഗ് ഇലവനിൽ നിന്ന് പുറത്തായ‌ ഷായെ ‌പിന്നീട് പരമ്പരയിലെ ഒരു മത്സരത്തിലും ഇന്ത്യ പരിഗണിച്ചില്ല. ഓസ്ട്രേലിയൻ പര്യടനത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ ഇന്ത്യ തുടർന്ന് ഇംഗ്ലണ്ടിനെതിരെ കളിച്ചെങ്കിലും പൃഥ്വി ഷായ്ക്ക്‌ ഈ പരമ്പരക്കുള്ള ടീമിൽ പോലും ഇടം ലഭിച്ചിരുന്നില്ല. അഡലെയ്ഡ് ടെസ്റ്റിന് ശേഷം കഴിവു തെളിയിക്കാൻ ഇന്ത്യൻ ടീമിൽ ഒരവസരം പോലും ഷായ്ക്ക് ലഭിച്ചില്ല എന്ന് ഇതിൽ നിന്ന് ചുരുക്കം.‌ അത് കൊണ്ടു തന്നെ താരത്തിന്റെ ടീമിൽ നിന്നുള്ള ഈ പുറത്താകൽ വലിയ ചർച്ചകൾക്ക്‌ വഴി വെച്ച് കഴിഞ്ഞു.