SHARE

പന്ത് സ്റ്റമ്പിൽ കൊള്ളുകയും ബെയിൽസ് താഴെ വീഴാതിരിക്കുകയും ചെയ്യുന്ന‌ സാഹചര്യങ്ങളിൽ അമ്പയർമാർ ആ പന്ത് ഡെഡ്ബോൾ വിളിക്കണമെന്ന് രാജസ്ഥാൻ റോയൽസ് നായകൻ അജിങ്ക്യ രഹാനെ. കഴിഞ്ഞ ദിവസം കൊൽക്കത്ത നൈറ്റ് റൈഡേഴ്സും, രാജസ്ഥാൻ റോയൽസും തമ്മിൽ നടന്ന മത്സരത്തിൽ ലിന്നിന്റെ സ്റ്റമ്പിൽ പന്ത് കൊണ്ടിട്ടും ബെയിൽസ് താഴെ വീണിരുന്നില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് രഹാനെ ഇങ്ങനെയൊരു നിർദ്ദേശം മുന്നോട്ട് വെച്ചത്.

പന്ത് സ്റ്റമ്പിൽ കൊണ്ടിട്ടും ബെയിൽസ് താഴെ വീഴാതെയിരിക്കുന്ന സാഹചര്യങ്ങളിൽ ബോളർമാർക്കും അല്പം പരിഗണന നൽകേണ്ടതുണ്ടെന്നാണ് രഹാനെയുടെ പക്ഷം. കൊൽക്കത്ത യ്ക്കെതിരായ മത്സരത്തിൽ സ്റ്റമ്പിലിടിച്ച പന്ത് ബൗണ്ടറിയിലെത്തിയിരുന്നു‌. ഈ ബൗണ്ടറി അനുവദിക്കാതിരിക്കണമെന്ന് രഹാനെ അമ്പയറോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അത് ചെവിക്കൊണ്ടിരുന്നില്ല. ഈ മത്സരത്തിന്‌ശേഷമുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുമ്പോളാണ് ക്രിക്കറ്റ്, ബാറ്റ്സ്മാന്മാർക്ക് അമിത ആനുകൂല്യമുള്ള കളിയായി ഇപ്പോൾ മാറിയിട്ടുണ്ടെന്നും, ഇത് പോലുള്ള അപൂർവ്വ സംഭവങ്ങളിൽ പന്ത് ഡെഡ്ബോൾ വിധിക്കാൻ അമ്പയർമാർ തയ്യാറാകണമെന്നും രഹാനെ ആവശ്യപ്പെടുന്നു.