SHARE

ലോകകപ്പിലെ തുടർച്ചയായ മോശം പ്രകടനങ്ങളുടെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ ടീം മാനേജ്മെന്റിൽ നിർണായക മാറ്റങ്ങൾക്ക് സാധ്യത. പരിശീലകനുൾപ്പെടെയുള്ളവർക്ക് ടീമിൽ നിന്ന് പുറത്ത് പോകേണ്ടി വന്നേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇന്ന് നടക്കാനിരിക്കുന്ന ബോർഡ് മീറ്റിംഗിലാകും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.

കഴിഞ്ഞ കുറച്ച് നാളുകളായി ‌ദയനീയ പ്രകടനങ്ങളാണ് പാകിസ്ഥാൻ ക്രിക്കറ്റ് ടീം കാഴ്ച വെക്കുന്നത്. ഓസ്ട്രേലിയക്കെതിരെ 0-5 ന് തോറ്റ അവർ, ഇംഗ്ലണ്ടിനെതിരെ 0-4 ന്റെ തോൽവി ഏറ്റുവാങ്ങി. ലോകകപ്പിൽ ഇതേ വരെ കളിച്ച അഞ്ച് മത്സരങ്ങളിൽ മൂന്നെണ്ണത്തിലും പരാജയപ്പെട്ട അവർക്ക് അവസാനം കളിച്ച 16 ഏകദിന മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമാണ് ജയം നേടാൻ കഴിഞ്ഞത്.

ഇന്ത്യയ്ക്കെതിരായ മത്സരത്തിലും ദയനീയ പരാജയം നേരിട്ടതോടെയാണ് പാകിസ്ഥാൻ ടീമിന്റെ മാനേജ്മെന്റ് സംഘത്തിൽ അഴിച്ചുപണി ആവശ്യമാണെന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തിയത്. പരിശീലകൻ മിക്കി ആർതർക്ക് പുറമേ, ചീഫ് സെലക്ടർ ഇൻസമാം ഉൾഹഖ്, ടീം മാനേജർ തലത് അലി, ബോളിംഗ് പരിശീലകൻ അസർ മഹ്മൂദ് എന്നിവർക്കും സ്ഥാനം നഷ്ടപ്പെട്ടേക്കുമെന്നാണ് സൂചനകൾ.