SHARE

ഡല്‍ഹിക്കെതിരെ നടന്ന് കൊണ്ടിരിക്കുന്ന വിജയ് ഹസാരെ ട്രോഫി മത്സരത്തില്‍ കേരളത്തിന് 178 റണ്‍സ് വിജയലക്ഷ്യം. ഐ പി എല്ലില്‍ മുംബെ ഇന്ത്യന്‍സിലെത്തിയ നിധീഷ് എം ഡിയുടെ നാലുവിക്കറ്റ് പ്രകടനത്തിന്റെ കരുത്തില്‍ കേരളം ഡല്‍ഹിയെ 39.3 ഓവറില്‍ 177 റണ്‍സിന് പുറത്താക്കുകയായിരുന്നു. ഔട്ട്ഫീൽഡ് നനഞ്ഞതിനെത്തുടർന്ന് മത്സരം 42 ഓവറാക്കി ചുരുക്കിയിരുന്നു.

ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത കേരള നായകന്‍ സച്ചിന്‍ ബേബിയെ ശരിവെക്കുന്ന പ്രകടനായിരുന്നു ബൗളര്‍മാര്‍ നടത്തിയത്. സ്‌കോര്‍ ബോര്‍ഡില്‍ 16 റണ്‍സെത്തിയപ്പോൾ ഡൽഹിക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ ഉന്മുക്ത് ചന്ദിനെ ഫനൂസ് പുറത്താക്കുകയായിരുന്നു. 9 റണ്‍സെടുത്ത ഹിതേന്‍ ദലാലിനെ പുറത്താക്കി നിധീഷ് തന്റെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടതോടെ ഡല്‍ഹിയുടെ നില പരുങ്ങലിലായി.

71 റണ്‍സെടുത്ത ധ്രുവ് ഷോറെയ് ഒരുവശത്ത് പിടിച്ചു നിന്നെങ്കിലും മറുവശത്ത് ബാറ്റ്‌സ്മാന്‍മാര്‍ പവലിയനിലേക്കുള്ള ഘോഷയാത്ര നടത്തുകയായിരുന്നു. 25 റണ്‍സ് വീതമെടുത്ത ഋഷഭ് പന്തും പ്രദീപ് സാഗ്വാനും പൊരുതി നോക്കിയെങ്കിലും ഡല്‍ഹി സ്‌കോര്‍ 177ല്‍ അവസാനിക്കുകയായിരുന്നു. കേരളത്തിന് വേണ്ടി എഫ് ഫനൂസ് രണ്ടും അഭിഷേക് മോഹന്‍, ജലജ് സാക്‌സേന, രോഹന്‍ പ്രേം എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം നേടി.