SHARE

ഐപിഎല്ലില്‍ പ്ലേഓഫ് കാണാതെ ഈ സീസണില്‍ പുറത്താകുന്ന ആദ്യ ടീമായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. നിര്‍ണായക മത്സരത്തില്‍ ഡെല്‍ഹി ക്യാപിറ്റല്‍സിനോട് 16 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങിയതാണ് കോഹ്ലിപ്പടയ്ക്ക് തിരിച്ചടിയായത്. 12 കളിയില്‍ നിന്ന് എട്ടുപോയിന്റ് മാത്രമുള്ള ബാംഗ്ലൂരിന് ഇനിയുള്ള രണ്ട് മത്സരങ്ങളും ജയിച്ചാലും 12 പോയിന്റ് മാത്രമേ ആകുകയുള്ളു. 10 പോയിന്റ് വീതമുള്ള ഹൈദരബാദ്, പഞ്ചാബ്, രാജസ്ഥാന്‍ ടീമുകള്‍ പരസ്പരം കളിക്കാനുള്ളതിനാല്‍ അവര്‍ക്ക് 12 പോയിന്റിലേക്ക് എത്താനാകും. മാത്രമല്ല നെറ്റ് റണ്‍റേറ്റില്‍ ബാംഗ്ലൂര്‍ ഏറെ പിന്നിലാണ് താനും.

ഡെല്‍ഹി ഉയര്‍ത്തിയ 188 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ബാംഗ്ലൂരിന് തുടക്കം നന്നായെങ്കിലും മധ്യനിരയില്‍ കാര്യങ്ങള്‍ അനുകൂലമാകാത്തതാണ് തിരിച്ചടിയായത്. പാര്‍ഥീവ് പട്ടേല്‍ 20 പന്തില്‍ 39 റണ്‍സെടുത്ത് ഗംഭീര തുടക്കം നല്കിയെങ്കിലും അതൊന്നും പോരായിരുന്ന ജയത്തിലെത്താന്‍. കോഹ്ലി (23) ഡിവില്യേഴ്‌സ് (17) എന്നിവര്‍ അവസരത്തിനൊത്ത് ഉയര്‍ന്നില്ല. ഒരോവറില്‍ ഹെന്റിച്ച് ക്ലാസനെയും ശിവം ദൂബയെയും മടക്കിയയച്ച് അമിത് മിശ്രയാണ് ബാംഗ്ലൂരിന്റെ അന്തകനായത്.

ആദ്യം ബാറ്റുചെയ്ത ഡെല്‍ഹിക്കായി തകര്‍ത്തടിച്ചത് 37 പന്തില്‍ നിന്ന് 52 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും ശിഖര്‍ ധവാനും (50) ചേര്‍ന്നാണ്. വിന്‍ഡീസ് കരുത്തന്‍ ഷെര്‍ഫാനെ റൂഥര്‍ഫോര്‍ഡ് വാലറ്റത്ത് നടത്തിയ വെടിക്കെട്ടും ഡെല്‍ഹിക്ക് കരുത്തായി. 13 പന്തില്‍ നിന്നാണ് റൂഥര്‍ഫോര്‍ഡ് 28 റണ്‍സെടുത്തത്.