SHARE

കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പർ കിംഗ്സ് തങ്ങളുടെ ഹോംഗ്രൗണ്ടായ എം ചിദംബരം സ്റ്റേഡിയത്തിൽ നടത്തിയ ടീമിന്റെ പരിശീലന മത്സരം കാണാൻ പതിനായിരത്തോളം ആരാധകരായിരുന്നു ഇരച്ചെത്തിയത്‌. മണിക്കൂറുകളോളം ക്യൂ നിന്നായിരുന്നു ആരാധകർ മത്സരം കാണാൻ സ്റ്റേഡിയത്തിനകത്ത് കയറിപ്പറ്റിയത്‌. ഇത്രയധികം ആരാധകർ ചെന്നൈയുടെ പരിശീലന മത്സരം കാണാനെത്തിയത് ക്രിക്കറ്റ് ലോകത്ത് വലിയ വാർത്തയായിരുന്നു.

ചെന്നൈയുടെ പരിശീലന മത്സരം കാണാൻ വൻ ആരാധകക്കൂട്ടമെത്തിയത് പോലെ തങ്ങളുടെ പരിശീലന മത്സരം കാണാനും വൻ ആരാധക സംഘത്തേയായിരുന്നു ഡെൽഹി ക്യാപിറ്റൽസ് പ്രതീക്ഷിച്ചത്. പക്ഷേ സുരക്ഷാ കാരണങ്ങളാൽ ആരാധകരെ പരിശീലനം മത്സരം കാണാൻ സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശിപ്പിക്കാനുള്ള അനുമതി ഡെൽഹി ക്യാപിറ്റൽസിന് ലഭിച്ചില്ല. ഇത് കൊണ്ടു തന്നെ ഒഴിഞ്ഞ ഗ്യാലറികൾക്ക് മുന്നിലാണ് ഡെൽഹി തങ്ങളുടെ പരിശീലന മത്സരം കളിച്ചത്. ഡെൽഹി താരങ്ങൾക്കും ടീം മാനേജ്മെന്റിനും വലിയ നിരാശയാണ് ഇത് സമ്മാനിച്ചത്.

പോലീസിൽ നിന്ന് സെക്യൂരിറ്റി ക്ലിയറൻസ് ലഭിക്കാത്തതിനെത്തുടർന്ന് ആരാധകരെ പരിശീലന മത്സരം കാണാ‌ൻ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കാൻ കഴിയാത്തതിലുള്ള നിരാശ ടീം സി.ഇ.ഒ ധീരജ് മൽഹോത്രയും കഴിഞ്ഞ ദിവസം പങ്ക് വെച്ചു. ആരാധകരെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കാൻ കഴിയാത്തതിൽ നിരാശയുണ്ടെന്നും എന്നാൽ ഭാവിയിൽ ഇക്കാര്യത്തിൽ മാറ്റം കൊണ്ട് വരാൻ ശ്രമിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.