SHARE

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇതേ വരെ കിരീടം നേടാൻ കഴിഞ്ഞിട്ടില്ലാത്ത ടീമാണ് ഡെൽഹി‌. ഇക്കുറി ചരിത്രത്തിലാദ്യമായി അവർ ടൂർണമെന്റിന്റെ ഫൈനലിൽ എത്തിയെങ്കിലും അവിടെ മുംബൈ ഇന്ത്യൻസിന് മുന്നിൽ കാലിടറി. ഇപ്പോളിതാ ഇത്തവണ ഡെൽഹി ക്യാപിറ്റൽസിന്റെ ഏറ്റവും വലിയ രണ്ട് നിരാശകൾ എന്തൊക്കെയായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും, പ്രശസ്ത ക്രിക്കറ്റ് വിദഗ്ദ്ധനുമായ ആകാശ് ചോപ്ര.

ഇത്തവണത്തെ ഐപിഎല്ലിൽ ഫോം കണ്ടെത്താൻ കഴിയാതിരുന്ന യുവ താരങ്ങളായ പൃഥ്വി ഷായേയും, ഋഷഭ് പന്തിനെയുമാണ് ടീമിന്റെ ഈ വർഷത്തെ ഏറ്റവും വലിയ നിരാശകളായി ആകാശ് ചോപ്ര ചൂണ്ടിക്കാട്ടുന്നത്. മുൻപ് ഈ താരങ്ങൾ നേടിയിരുന്ന വിജയങ്ങളോടാണ് ഇപ്പോളും അവരുടെ പ്രകടനത്തെ ആൾക്കാർ താരതമ്യപ്പെടുത്തുന്നതെന്നും അത് കൊണ്ടു തന്നെ ഈ താരങ്ങളുടെ പ്രകടനങ്ങൾ വലിയ നിരാശയാണ് ആരാധകർക്ക് നൽകുന്നതെന്നും തന്റെ യൂടൂബ് ചാനലിൽ സംസാരിക്കവെ ആകാശ് ചോപ്ര പറഞ്ഞു.

മുൻ ഇന്ത്യൻ താരം ഇതേക്കുറിച്ച് പറയുന്നത് ഇങ്ങനെ, “ഈ രണ്ട് താരങ്ങളെ ചുറ്റിപ്പറ്റിയാണ് ഡെൽഹി അവരുടെ തന്ത്രങ്ങൾ മുഴുവനും തയ്യാറാക്കിയിരുന്നത്. പൃഥ്വി ഷാ തുടക്കത്തിൽ വന്ന് ധാരാളം റൺസ് നേടുമെന്നും പിന്നാലെ ഋഷഭ് പന്തെത്തി ഫോറുകളും, സിക്സുകളും അടിക്കുന്നത് തുടരുമെന്നുമായിരുന്നു അവർ കരുതിയത്. എന്നാൽ അങ്ങനെ സംഭവിച്ചില്ല. ടൂർണമെന്റിനിടയിൽ പന്തിന് പരിക്കേറ്റു. തിരികെയെത്തിയതിന് ശേഷം അദ്ദേഹത്തിന്റെ ബാറ്റ് ശബ്ദിച്ചില്ല. ഫൈനലിൽ അദ്ദേഹം റൺസ് നേടി. പക്ഷേ അതിന് മുൻപ് അദ്ദേഹത്തിന്റെ ബാറ്റ് നിശബ്ദമായിരുന്നു. ടീമിലെ തന്റെ റോളിനെക്കുറിച്ച് പന്തിന് വേണ്ടത്ര വ്യക്തതയില്ലെന്ന് തോന്നി.” ചോപ്ര പറഞ്ഞു നിർത്തി.