SHARE

യുവതാരങ്ങളെ കൂടുതലായി ടീമിലെത്തിച്ചതാണ് ഈ സീസൺ ഐപിഎല്ലിലെ ഡെൽഹി ക്യാപിറ്റൽസിന്റെ മികച്ച പ്രകടനത്തിന് കാരണമെന്ന് മുൻ ദക്ഷിണാഫ്രിക്ക‌ൻ താരം എബി‌ഡിവില്ലിയേഴ്സ്. ചെന്നൈ സൂപ്പർ കിംഗ്സും, ഡെൽഹി ക്യാപിറ്റൽസും തമ്മിലുള്ള രണ്ടാം ക്വാളിഫയർ പോരാട്ടം ഇന്ന് നടക്കാനിരിക്കെ ടൈംസ് ഓഫ് ഇന്ത്യയിൽ എഴുതിയ കോളത്തിലാണ് ഡിവില്ലിയേഴ്സ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

യുവത്വവും, പരിചയസമ്പത്തും തമ്മിലുള്ള ക്ലാസിക്ക് പോരാട്ടമാണ് ഇന്ന് നടക്കുന്ന ഡെൽഹി- ചെന്നൈ രണ്ടാം ക്വാളിഫയർ മത്സരമെന്ന് ഡിവില്ലിയേഴ്സ് പറയുന്നു‌. “ഡെൽഹിയുടെ 24 അംഗ ടീമിലെ 14 പേരും ഇരുപത്തിയാറു വയസിൽ താഴെയുള്ളവരാണ്. അവരെ നയിക്കുന്നത് റിക്കി പോണ്ടിംഗും, സൗരവ് ഗാംഗുലിയും. യുവതാരങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൊടുത്ത് കൊണ്ടുള്ള സെലക്ഷൻ രീതി അവർക്ക് മികച്ച ഫലവും നൽകി. അത് തന്നെയാണ് ഇത്തവണ അവരുടെ വിജയവും.” ഡിവില്ലിയേഴ്സ് പറഞ്ഞു.