SHARE

കഴിഞ്ഞ‌ രണ്ട് ഐപിഎൽ സീസണുകളിലും കിംഗ്സ് ഇലവൻ പഞ്ചാബിന്റെ നായകനായിരുന്ന ഇന്ത്യൻ സ്റ്റാർ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ അടുത്ത സീസണിന് മുന്നോടിയായി ഡെൽഹി ക്യാപിറ്റൽസിലേക്ക് മാറുമെന്ന കാര്യം ഏറെക്കുറേ ഉറപ്പായിക്കഴിഞ്ഞു. ഈ കരാർ സംബന്ധിച്ച് ടീമുകൾ തമ്മിൽ ധാരണയിലെത്തിയതായും, ഔദ്യോഗിക‌ പ്രഖ്യാപനം മാത്രമാണ് വൈകുന്നതെന്നുമാണ് റിപ്പോർട്ട്. അതേ സമയം അശ്വിൻ പഞ്ചാബ് വിട്ട് ഡെൽഹിയിലെത്തിയാലും, ഡെൽഹി താരങ്ങളൊന്നും പകരം പഞ്ചാബിലേക്ക് പോകില്ല.

ഇ എസ് പി എൻ ക്രിക്കിൻഫോ പുറത്ത് വിടുന്ന റിപ്പോർട്ടനുസരിച്ച് പണം നൽകിയാണ് മറിച്ച് പകരം താരത്തെ നൽകിയല്ല ഡെൽഹി, അശ്വിനെ സ്വന്തമാക്കുന്നത്. എന്നാൽ ഈ തുക എത്രയാണെന്ന് പുറത്ത് വിട്ടിട്ടില്ല. നേരത്തെ ഡെൽഹിക്ക് പുറമേ സൺ റൈസേഴ്സ് ഹൈദരാബാദും അശ്വിനെ ടീമിലെത്തിക്കാൻ ശ്രമം നടത്തിയതായാണ് സൂചന. എന്നാൽ ഡെൽഹി അശ്വിനെ ടീമിലെത്തിക്കാൻ ഉറച്ച് നിന്നതോടെ ഹൈദരാബാദ് ഈ നീക്കത്തിൽ നിന്ന് പിന്മാറുകയായിരുന്നു.

2018 ലെ ഐപിഎൽ ലേലത്തിൽ നിന്ന് 7.6 കോടി രൂപയ്ക്കായിരുന്നു അശ്വിനെ, കിംഗ്സ് ഇലവൻ പഞ്ചാബ് സ്വന്തമാക്കിയത്. തുടർന്ന് അവരുടെ നായകനായി നിയമിതനായ അശ്വിൻ, 28 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 25 വിക്കറ്റുകൾ കിംഗ്സ് ഇലവൻ ജേഴ്സിയിൽ നേടിയിട്ടുണ്ട്‌. പഞ്ചാബിലെത്തുന്നതിന് മുന്നേ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ്, പൂനെ സൂപ്പർ ജയന്റ്സ് ടീമുകൾക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.