SHARE

പതിനൊന്നാം എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗിലെ ഡെൽഹി ഡെയർഡെവിൾസിന്റെ ഹോം മത്സരങ്ങൾ കേരളത്തിലുണ്ടാവില്ല. ലക്നൗവിലെ ഏകാനാ സ്റ്റേഡിയം ഡെൽഹിയുടെ ചില ഹോം മത്സരങ്ങൾക്ക് വേദിയാകും എന്നാണ് സൂചന. നേരത്തെ തിരുവനന്തപുരത്തെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ ഡെയർഡെവിൾസിന്റെ മത്സരങ്ങൾ നടക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഡെൽഹി ടീം അധികൃതർ ആ വാർത്ത തള്ളിക്കളയുകയായിരുന്നു.

ഡെൽഹിയിലെ ഫിറോസ് ഷാ കോട്ലയാണ് ഡെയർ ഡെവിൾസിന്റെ പ്രധാന ഹോം ഗ്രൗണ്ട്. കോട്ലയ്ക്കൊപ്പം ഈ സീസണിലെ കുറച്ച് ഹോം മത്സരങ്ങൾ ലക്നൗവിലേക്കും മാറ്റാനാണ് ഡെയർഡെവിൾസ് പദ്ധതിയിടുന്നത്. ഫിറോസ് ഷാ കോട്ലയേക്കാൾ കൂടുതൽ കാണികളെ ഉൾക്കൊള്ളാൻ കഴിയുമെന്നതും, പുതിയ സ്റ്റേഡിയം ആണെന്നതും ഏകാനാ സ്റ്റേഡിയത്തിന് അനുകൂല ഘടകമാണ്. കഴിഞ്ഞ വർഷം പിങ്ക് ബോളിൽ നടന്ന ദുലീപ് ട്രോഫി മത്സരങ്ങൾക്ക് വേദിയായത് ഈ സ്റ്റേഡിയമായിരുന്നു.

ലക്നൗവിലെ ഏകാനാ സ്റ്റേഡിയം

മുൻ സീസണുകളിലും ഡെൽഹിയുടെ ചില ഹോം മത്സരങ്ങൾ ഡെൽഹിക്ക് പുറത്തുള്ള ഗ്രൗണ്ടിൽ നടത്തിയിരുന്നു. റായ്പൂരിലെ ഷഹീദ് വീർ നാരായൺ സ്റ്റേഡിയത്തിലേക്ക് ഐപിഎൽ മത്സരങ്ങൾ എത്തിയത് അങ്ങനെയാണ്.