SHARE

പതിനൊന്നാം സീസണ്‍ ഐ പി എല്ലില്‍ മികച്ച ടീമിനെ പടുത്തുയര്‍ത്തിയിട്ടും അവസാന സ്ഥാനക്കാരായി പുറത്തായതിന്റെ നിരാശയിലാണ് ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ക്യാമ്പ്. ഋഷഭ് പന്ത്, ശ്രേയസ്സ് അയ്യര്‍, പ്രിഥ്വി ഷാ തുടങ്ങിയ യുവതാരങ്ങള്‍ മികവ് പുറത്തെടുത്തെങ്കിലും സീനിയര്‍ താരങ്ങളൊന്നും പ്രതീക്ഷിച്ച പ്രകടനം നടത്തിയില്ല.

മോശം ഫോമിലായിരുന്ന ഗൗതം ഗംഭീര്‍ ക്യാപ്റ്റന്‍ സ്ഥാനമൊഴിയുകയും ടീമില്‍ നിന്ന് മാറി നില്‍ക്കുകയുമാണ് ചെയ്തത്. ഓസീസ് വെടിക്കെട്ട് ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലാകട്ടെ, 12 മത്സരങ്ങള്‍ കളിച്ചിട്ടും ഫോം കണ്ടെത്തനായില്ല. 12 മത്സരങ്ങള്‍ കളിച്ച മാക്‌സ്‌വെല്‍ 169 റണ്‍സും 5 വിക്കറ്റുകളും മാത്രമാണ് നേടിയത്. 47 റണ്‍സായിരുന്നു താരത്തിന്റെ ഈ സീസണിലെ ഉയര്‍ന്ന സ്‌കോര്‍. മോശം ഫോം തുടര്‍ന്നിട്ടും മാക്‌സ്‌വെല്ലിനെ ടീമില്‍ നിലനിര്‍ത്തിയതിനെ ന്യായീകരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഡല്‍ഹി കോച്ച് റിക്കി പോണ്ടിംഗ്.

‘ മികച്ച താരമാണ് മാക്‌സ്‌വെല്‍, എന്നാല്‍ ഈ സീസണില്‍ അദ്ദേഹം നിരാശപ്പെടുത്തി, എങ്കിലും അദ്ദേഹത്തെ ടീമില്‍ നിലനിര്‍ത്തിയത് ഓരോ മത്സരങ്ങളും പ്രധാനമായത് കൊണ്ടാണ്, പ്ലേ ഓഫ് യോഗ്യത ലഭിച്ചില്ലെങ്കിലും ഓരോ മത്സരങ്ങളും ഞങ്ങള്‍ക്ക് ഫൈനല്‍ പോലെയായിരുന്നു, എപ്പോഴും മാച്ച് വിന്നറാവാന്‍ കഴിവുള്ള താരമായിരുന്നു മാക്‌സ്‌വെല്‍, ആ പ്രതീക്ഷയുള്ളത് കൊണ്ട് മാത്രമാണ് താരത്തെ എപ്പോഴും ടീമിലെടുത്തത്’ – പോണ്ടിംഗ് വ്യക്തമാക്കി.