SHARE

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ സീസൺ മുതൽ ഡെൽഹി ആസ്ഥാനമായി കളിച്ചിരുന്ന ടീമാണ് ഡെൽഹി ഡൈനാമോസ് എഫ് സി. എന്നാൽ ആരാധക പിന്തുണയിലുണ്ടായ ഇടിവും, മറ്റ് ചില സാമ്പത്തിക പ്രശ്നങ്ങളും ഇത്തവണ ടീമിന്റെ തട്ടകം ഡെൽഹിയിൽ നിന്ന് മാറ്റാൻ ടീം ഉടമകളെ നിർബന്ധിതരാക്കി. ഇതേത്തുടർന്ന് ഡെൽഹിയിൽ നിന്ന് ഒഡീഷയിലെ ഭുവനേശ്വറിലേക്ക് ആസ്ഥാനം മാറ്റിയ ഡെൽഹി ഡൈനാമോസ്, ഇത്തവണ മുതൽ കലിംഗ സ്റ്റേഡിയത്തിലാകും അവരുടെ ഹോംമത്സരങ്ങൾ കളിക്കുക.

ഇപ്പോളിതാ ആസ്ഥാനം മാറ്റിയതിന് പിന്നാലെ ടീമിന്റെ പേരിലും മാറ്റം വരുത്താൻ ഒരുങ്ങുകയാണ് ഡെൽഹി ഫ്രാഞ്ചൈസി. ഡെൽഹി ഡൈനാമോസ് എന്നതിൽ നിന്ന് ഒഡീഷ എഫ് സി എന്ന‌ പേരിലേക്ക് ടീമിനെ മാറ്റാനാണ് ഇപ്പോൾ ടീമുടമകൾ തീരുമാനിച്ചിരിക്കുന്നത്. ആസ്ഥാനം മാറുന്നത് ടീമിന്റെ തലവരയും മാറ്റിക്കുറിക്കുമെന്നും, പുതിയൊരു പേരിലേക്ക് മാറുന്നത് ടീമിന് മൊത്തത്തിൽ ഒരു പുത്ത‌നുണർവ്വ് നൽകുമെന്നുമുള്ള വിശ്വാസമാണ് ടീമുടമകൾക്ക് ഉള്ളത്. പേരു മാറ്റുന്ന കാര്യം എ ഐ എഫ് എഫിനെ അവർ അറിയിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ലഭിക്കുമെന്നുമാണ് റിപ്പോർട്ട്.