SHARE

ഐഎസ്എല്‍ ടീം ഡെല്‍ഹി ഡൈനാമോസ് തങ്ങളുടെ തട്ടകം ഒഡീഷയിലെ കലിംഗ സ്‌റ്റേഡിയത്തിലേക്ക് മാറ്റിയതോടെ പേരുമാറ്റണമെന്ന ആവശ്യവും ശക്തം. ഡെല്‍ഹിയില്‍ കളി കാണാന്‍ ആളില്ലാത്തതും ചെലവു കൂടിയതുമാണ് ടീം മാനേജ്‌മെന്റിനെ ഇത്തരത്തിലൊരു തീരുമാനത്തിലെത്തിച്ചത്. അതേസമയം പേരുമാറ്റുമോയെന്ന കാര്യത്തില്‍ ഫ്രാഞ്ചൈസി ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഡൈനാമോസ് കടന്നുപോകുന്നത്. വരുമാനം തുച്ഛവും ചെലവ് പരിധിവിട്ടതുമായ അവസ്ഥയിലാണ് ക്ലബ്. ഓഹരി കുറച്ചു വിറ്റ് പണംകണ്ടെത്താനുള്ള നീക്കവും നടക്കുന്നുണ്ട്. കഴിഞ്ഞ സീസണില്‍ ടീം വളരെ മോശം പ്രകടനമാണ് നടത്തിയത്. ഒഡീഷയിലെ കലിംഗ സ്റ്റേഡിഡം ഹോംഗ്രൗണ്ടാക്കാന്‍ അഞ്ചു വര്‍ഷത്തെ കരാറില്‍ ഡെല്‍ഹി ഒപ്പുവെക്കും.

മറ്റൊരു ഐഎസ്എല്‍ ക്ലബായ പൂനെ സിറ്റിയും ഹോംഗ്രൗണ്ട് മാറ്റുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പൂനെ സിറ്റി ഹൈദരബാദിലേക്കാണ് മാറാന്‍ ശ്രമിക്കുന്നത്. പ്രാദേശികമായ ആരാധകരെ ലഭിക്കണമെങ്കില്‍ പേരുമാറ്റാതെ പറ്റില്ല. അതുകൊണ്ട് തന്നെ ഇരുടീമുകളും പുതിയ പേര് സ്വീകരിക്കേണ്ടിവരും.