SHARE

ബെംഗളൂരു എഫ് സി യുടെ യുവ സ്ട്രൈക്കറും ഇന്ത്യൻ താരവുമായ ഡാനിയൽ ലാലം പൂയയെ സ്വന്തമാക്കി ഐ എസ് എൽ ടീം ഡെൽഹി ഡൈനാമോസ്. 2015 ൽ ബെംഗളൂരു എഫ് സി യിലെത്തിയ ഇരുപതുകാരൻ ലാലംപൂയ ഈ സീസൺ അവസാനത്തോടെ ബെംഗളൂരു എഫ് സി യുമായുള്ള കരാർ അവസാനിപ്പിച്ചിരുന്നു. ബെംഗളൂരു എഫ് സിയുടെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്കോറർ കൂടിയായ ലാലം പൂയ, ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി പ്രതീക്ഷകളിൽ ഒരാളാണ്.

ഇന്ത്യൻ ദേശീയ ടീമിന് വേണ്ടി മൂന്ന് മത്സരങ്ങൾ കളിച്ച ഈ യുവതാരം 2016 ൽ ലോണടിസ്ഥാനത്തിൽ ഐ എസ് എൽ ടീം ചെന്നൈയിൻ എഫ് സിയിൽ കളിച്ചു. 2017-18 ലെ എ എഫ് സി കപ്പിലായിരുന്നു ലാലം പൂയ്യ ബെംഗളൂരുവിനായി തിളങ്ങിയത്. ടൂർണമെന്റിൽ ബെംഗളൂരു പരിശീലകൻ ആൽബർട്ട് റോക്കയുടെ ഇഷ്ട താരമായിരുന്ന ലാലം പൂയ്യ നാല് തവണയാണ് ടൂർണമെന്റിൽ വല കുലുക്കിയത്.

കഴിഞ്ഞ സീസണിൽ ലീഗിൽ എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യേണ്ടി വന്ന ഡെൽഹി അടുത്ത സീസണിൽ തങ്ങളുടെ ആക്രമണനിര ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ലാലം പൂയ്യയെ സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ സീസണിൽ ടീമിന് വേണ്ടി ഒറ്റയാൾ പോരാട്ടം നടത്തിയ സ്ട്രൈക്കർ കാളു ഊച്ചെയും ഇത്തവണ ടീം വിട്ടതോടെ കൂടുതൽതാരങ്ങളെ മുന്നേറ്റ നിരയിലെത്തിക്കേണ്ട ദൗത്യമാണ് ഡെൽഹി ഡൈനാമോസിനെ കാത്തിരിക്കുന്നത്.